 
കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്തിനെ രണ്ടായി വിഭജിച്ച് പോകുന്ന കൊല്ലം - ചെങ്കോട്ട റെയിൽവേ പാതയ്ക്ക് കുറുകേ മേൽപ്പാലം നിർമ്മിക്കാൻ എസ്റ്റിമേറ്റ് തുകയേക്കാൾ ഒരു കോടിയിൽപ്പരം രൂപ അധികം വേണം. കാര്യറ മണ്ണാകുഴിയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന മേൽപ്പാലത്തിനാണ് എസ്റ്റിമേറ്റിനെക്കാൾ അധികം തുക വേണ്ടി വരുന്നത്. 2021 ഡിസംബറിലാണ് റെയിവേ മധുര ഡിവിഷണൽ മാനേജർ മണ്ണാങ്കുഴി സന്ദർശിച്ച് നിർമ്മാണത്തിന് അനുമതി നൽകിയത്. 3.25 കോടി രൂപയുടെ പ്രാഥമിക രേഖയും തയ്യാറാക്കി നൽകി. സംസ്ഥാന ധനകാര്യ വകുപ്പിൽ നിന്ന് അനുമതി ലഭിച്ചതോടെ കഴിഞ്ഞ മേയിൽ ഗ്രാമപഞ്ചായത്ത് 6.80 ലക്ഷം രൂപ റെയിൽവേയ്ക്ക് കൈമാറിയിരുന്നു.
ഡി.പി.ആർ 4.35 കോടി
കഴിഞ്ഞ ദിവസം റെയിൽവേ അധികൃതർ ഡി.പി.ആർ തയ്യാറാക്കി വിളക്കുടി ഗ്രാമപഞ്ചായത്തിന് നൽകി. എന്നാൽ മുൻപ് നൽകിയ എസ്റ്റിമേറ്റ് തുകയെക്കാൾ കൂടുതലായിരുന്നു ഡി.പി.ആറിലെ തുക. 4.35 കോടി രൂപയാണ് മേൽപ്പാല നിർമ്മാണത്തിന് ഇപ്പോൾ ആവശ്യമായി വരുന്നത്. ഈ തുക മുഴുവനും മുൻകൂറായി അടച്ചാൽ മാത്രമേ ടെൻഡർ വിളിക്കാൻ കഴിയൂ. ടെൻഡർ നടപടികൾ പൂർത്തിയായാൽ 6 മാസത്തിനകം മേൽപ്പാല നിർമ്മാണം പൂർത്തിയാക്കാം.
ഗ്രാമപഞ്ചായത്ത് തുക കണ്ടെത്തണം.
മേൽപ്പാല നിർമ്മാണത്തിന് തദ്ദേശ സ്ഥാപനങ്ങൾ ഫണ്ട് കണ്ടെത്തി നൽകണമെന്നായിരുന്നു വ്യവസ്ഥ. പൊതുജനങ്ങളുടെ ആവശ്യം മുൻനിറുത്തി കെ.ബി.ഗണേശ് കുമാർ എം.എൽ.എ ഒന്നര കോടിയും, കൊടിക്കുന്നിൽ സുരേഷ് എം.പി ഒരു കോടിയും തങ്ങളുടെ ഫണ്ടിൽ നിന്ന് നൽകാമെന്നും അറിയിച്ചിരുന്നു. ഇതിന് പുറമേ ആവശ്യമെങ്കിൽ തങ്ങളുടെ ഫണ്ട് വിഹിതം കൂട്ടി നൽകാമെന്നും ഇരു ജനപ്രതിനിധികളും അന്ന് സർവകക്ഷി യോഗത്തിൽ പറഞ്ഞിരുന്നു. പക്ഷേ ഇപ്പോൾ എസ്റ്റിമേറ്റ് തുകയെക്കാൾ ഒരു കോടിയിൽ പരം രൂപയുടെ വ്യത്യാസം വന്നതോടെ ഗ്രാമപഞ്ചായത്ത് കൂടുതൽ തുക കണ്ടെത്തണം.
പ്രദേശവാസികളുടെ ദീർഘകാലത്തെ ആവശ്യമാണ് മണ്ണാങ്കുഴിയിൽ റെയിൽവേ മേൽപ്പാലം. ഡി.പി.ആർ തുക കൂടുതൽ ആണെന്ന് കരുതി പദ്ധതി ഉപേക്ഷിക്കില്ല. കൂടുതൽ തുക കണ്ടെത്തി മേൽപ്പാലം നിർമ്മിക്കും.
അദബിയ നാസറുദ്ദീൻ
പ്രസിഡൻ്റ്
വിളക്കുടി ഗ്രാമപഞ്ചായത്ത്