 
കുന്നത്തൂർ: കാരാളിമുക്ക് തലയിണക്കാവ് റെയിൽവേ അടിപ്പാത നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നു. അടിപ്പാത നിർമ്മാണം നേരത്തേ തന്നെ പൂർത്തിയായെങ്കിലും ഇതിനോടനുബന്ധിച്ചുള്ള അപ്രോച്ച് റോഡുകളുടെ നിർമ്മാണമാണ് വൈകുന്നത്. കാരാളിമുക്ക് - കോതപുരം പ്രധാന പാതയിൽ തലയിണക്കാവ് ക്ഷേത്രത്തിന് മുന്നിലെ റെയിൽവേ ഗേറ്റ് വാഹനയാത്രയ്ക്ക് ഏറെ ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് ഇവിടെ അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യം ഉയർന്നത്.
എം.പി ഇടപെട്ടു, അനുമതി കിട്ടി
അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യം പ്രദേശവാസികൾ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും അദ്ദേഹം റെയിൽവേയുമായി ബന്ധപ്പെട്ട് അനുമതി നേടുകയുമായിരുന്നു. രണ്ടര കോടി രൂപയാണ് നിർമ്മാണ ചെലവ്. കഴിഞ്ഞ നവംബറിൽ നിർമ്മാണം ആരംഭിക്കുകയും വളരെ വേഗം തന്നെ അടിപ്പാതയുടെ നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ ഇതുമായി ബന്ധപ്പെട്ട അപ്രോച്ച് റോഡുകളുടെ നിർമ്മാണമാണ് ഇഴഞ്ഞ് നീങ്ങുന്നത്. അപ്രോച്ച് റോഡിന്റെ സൈഡ് വാൾ നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. നാമമാത്രമായ ജോലിക്കാർ മാത്രം നിന്നാണ് ഇപ്പോൾ പണി ചെയ്യുന്നത്. വേഗത്തിൽ പണി പൂർത്തിയാക്കി അടിപ്പാത ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം