 
പുനലൂർ: കാലവർഷം ശക്തമായതോടെ പുനലൂർ താലൂക്കിൽ ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കണമെന്നും എല്ലാ വില്ലേജ് ഓഫീസുകളിലും കൺട്രോൾ റൂം തുറക്കാനും പി.എസ്.സുപാൽ എം.എൽഎ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കനത്ത മഴയെ തുടർന്ന് പുനലൂർ പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസിൽ ചേർന്ന ദുരന്ത നിവാരണ അതോറിട്ടിയുടെ അവലോകന യോഗത്തിലാണ് എം.എൽ.എ നിർദ്ദേശം നൽകിയത്. പുനലൂർ താലൂക്ക് ഓഫീസിൽ 24മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രേൾ റൂമിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും.
22 ദുരിതാശ്വാസ ക്യാമ്പ്
ആവശ്യമെങ്കിൽ ജനങ്ങളെ മാറ്റി പാർപ്പിക്കാൻ 22 ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കും. മഴക്കെടുതി മൂലം കുളത്തൂപ്പുഴയിലെ ക്യാമ്പിൽ മാറ്റി താമസിപ്പിച്ചിരിക്കുന്നവർക്ക് മരുന്നുൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഒരുക്കി നൽകണമെന്നും എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കിഴക്കൻ മലയോര മേഖല കേന്ദ്രീകരിച്ച് താമസിക്കുന്നവരുടെ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധചെലുത്തണം.
കുംഭാവുരുട്ടിയിൽ മൊബൈൽ ടവർ
രണ്ട് ദിവസം മുമ്പ് അപകടം ഉണ്ടായ അച്ചൻകോവിൽ കുംഭാവുരുട്ടി ജലപാതത്തിന് സമീപം മൊബൈൽ ടവർ സ്ഥാപിച്ച് കവറേജ് ലഭ്യമാക്കാൻ ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമെന്ന് എം.എൽ.എ അറിയിച്ചു. ഇവിടെ മൊബൈൽ കവറേജ് ലഭിക്കാത്തതിനാൽ വിനോദ സഞ്ചാരികൾക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ കഴിയില്ല.അതാണ് പുതിയ ടവറുകൾ സ്ഥാപിക്കാൻ ആവശ്യപ്പെടുന്നത്. തുടർന്ന് മഴക്കെടുതിയെ സംബന്ധിച്ചുള്ള നിലവിലെ സാഹചര്യം പഞ്ചായത്ത് പ്രസിഡന്റുമാരും, ഉദ്യോഗസ്ഥരും യോഗത്തിൽ വിശദീകരിച്ചു. പുനലൂർ നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, പുനലൂർ ആർ.ഡി.ഒ ബി.ശശികുമാർ, തഹസീൽദാർ കെ.എസ്.നസിയ എന്നിവർക്ക് പുറമെ താലൂക്കിലെ പഞ്ചായത്ത് പ്രസിഡന്റുമാർ,പൊലീസ്, റവന്യൂ, ടി.ഡി.ഒ, സിവിൽ സപ്ലൈസ്,വനം, ഫയർഫോഴ്സ്,ആരോഗ്യം തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.