 
തൊടിയൂർ: തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് തൊടിയൂർ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. ഒരു പഞ്ചായത്തിൽ ഒരു സമയം 20 പ്രവർത്തികൾ മാത്രം എന്ന നിബന്ധന പിൻവലിക്കുക, പണി ആയുധങ്ങളുടെ വാടക റദ്ദാക്കിയ നടപടി പിൻവലിക്കുക,
ലേബർ ബഡ്ജറ്റ് വെട്ടിച്ചുരുക്കി പദ്ധതി തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. വേങ്ങറ -അംബേദ്ക്കർ ഗ്രാമത്തിൽ നടന്ന പഞ്ചായത്ത്തല ധർണ യൂണിയൻ ഏരിയ സെക്രട്ടറി ആർ.സോമരാജൻ പിള്ള ഉദ്ഘാടനം ചെയ്തു. എസ്.രാധാകൃഷ്ണപിള്ള അദ്ധ്യക്ഷനായി. പഞ്ചായത്ത് യൂണിയൻ പ്രസിഡന്റ് വി.കല സ്വാഗതം പറഞ്ഞു. ശ്രീകല, സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ വിവിധ വാർഡുകൾ കേന്ദ്രീകരിച്ചു നടന്ന സമരത്തിൽ എൽ.സുനിത, കൃഷ്ണകുമാരി, സജീന, ആനന്ദവല്ലിഅമ്മ എന്നിവർ സംസാരിച്ചു.