കൊട്ടാരക്കര: കൊട്ടാരക്കര ചന്തമുക്കിൽ ഓടയുടെ മൂടി തകർന്നിട്ട് പത്ത് ദിവസം. അപകടം പതിവായിട്ടും അധികൃതർ പരിഹാരം കാണുന്നില്ല. കൊല്ലം- തിരുമംഗലം ദേശീയ പാതയിൽ തിരക്കേറിയ ചന്തമുക്കിലാണ് അപകടം പതിയിരിക്കുന്ന ഓട. ലക്ഷങ്ങൾ മുടക്കിയാണ് ഇവിടെ ഓടയുടെ നവീകരണം നടത്തിയത്. എന്നാൽ മേൽമൂടിയിലെ ഒരെണ്ണം തകർന്നു. ബാക്കി മൂടികൾക്ക് തകരാറില്ലാത്തതിനാൽ അപ്രതീക്ഷിതമായിട്ടാണ് പലരും ഓടയിൽ വീഴുന്നത്. വാഹനങ്ങളും ഇവിടെ അപകടത്തിൽപ്പെടുന്നുണ്ട്.
അധികൃതർ ശ്രദ്ധിക്കാറില്ല
മഴക്കാലമായതോടെ റോഡ് നിറഞ്ഞാണ് വെള്ളം ഒഴുകുന്നത്. ഈ സമയത്ത് നടന്നുവരുന്നവരടക്കം കുഴിയിൽ വീഴുന്നുണ്ട്. ഒരു മൂടി മാറ്റിയാൽ മതിയെങ്കിലും നഗരസഭയോ ദേശീയ പാത അധികൃതരോ ശ്രദ്ധിക്കാറില്ല. വശങ്ങളിലെ കടകളിൽ സാധനം വാങ്ങാനെത്തുന്നവരുടെ വാഹനങ്ങളാണ് മിക്കപ്പോഴും കുഴിയിൽപ്പെടുന്നത്. കുഴിയിൽ വീണ ടയർ പുറത്തെടുക്കാൻ വലിയ പരിശ്രമം വേണ്ടിവരും. അത് കഴിയുമ്പോഴേക്കും അടുത്ത അപകടം ഉണ്ടാകുമെന്നുറപ്പാണ്. ഓണക്കാലം വരുന്നതിന്റെ തിരക്കേറും മുൻപായി അടിയന്തരമായി ഓടക്ക് മൂടി സ്ഥാപിക്കണമെന്നാണ് പൊതു ആവശ്യം.