
ഇരവിപുരം: എൽ.ഡി.സി പരീക്ഷയിൽ ജില്ലയിൽ ഒന്നാംസ്ഥാനം പോളയത്തോട് സ്വദേശി ധന്യയ്ക്ക്. പെയിന്റിംഗ് തൊഴിലാളിയായ പോളയത്തോട് അലയൻസ് നഗർ 56ൽ ബാലചന്ദ്രന്റെ മകളാണ് ധന്യ (28). കഠിനാദ്ധ്വാനത്തിലൂടെ കൈവരിച്ച നേട്ടം നാടിന് അഭിമാനമാവുകയാണ്. കൊല്ലം ചാപ്ടർ കോളേജിൽ നിന്ന് ബി കോമും ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം കോമും നേടിയ ധന്യ സ്വന്തമായി പരിശീലിച്ചാണ് മിന്നും വിജയം നേടിയത്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ലഭിക്കുന്ന നോട്‌സുകൾ ശേഖരിച്ചും പുസ്തകങ്ങൾ റഫർ ചെയ്തും ദിവസവും ആറുമണിക്കൂറോളം പ്രയ്തനിച്ചതിന്റെ നേട്ടമാണ് ധന്യയ്ക്ക് ലഭിച്ചത്. പി.എസ്‍.സി പരീക്ഷയിൽ ചേച്ചി സൗമ്യയും മികച്ചനേട്ടം കൈവരിച്ച ഉദ്യോഗാർത്ഥിയാണ്. കഴിഞ്ഞയാഴ്ച വന്ന എൽ.ജി.എസ് ജില്ലാ ലിസ്റ്റിലും സൗമ്യയുണ്ട്. മക്കളുടെ പഠനത്തിന് പൂർണ പിന്തുണ നൽകുന്ന അമ്മ ഉഷാകുമാരിയും നേട്ടങ്ങളിൽ ഏറെ സന്തോഷത്തിലാണ്. ഇനി കെ.എ.എസ് പരീക്ഷയിൽ മികച്ച നേട്ടം കൈവരിക്കുകയാണ് ധന്യയുടെ ലക്ഷ്യം.