കരുനാഗപ്പള്ളി: ഓണക്കാലമായതോടെ കേരള ഖാദി ഗ്രാമവികസന ബോർഡ് എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഹാളിൽ ആരംഭിച്ച ഖാദി വസ്ത്ര പ്രദർശന സ്റ്റാളിൽ തിരക്കേറുന്നു. സെപ്തംബർ 7 വരെയാണ് വിപണന മേള സംഘടിപ്പിച്ചിരിക്കുന്നത്. ഓണം പ്രമാണിച്ച് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ 30 ശതമാനം റിബേറ്റാണ് ഖാദി വസ്ത്രങ്ങൾക്ക് അനുവദിച്ചിരിക്കുന്നത്.
പരിസ്ഥിതി സൗഹൃദ വസ്ത്രങ്ങൾ
ഏതു കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന പരിസ്ഥിതി സൗഹൃദ വസ്ത്രങ്ങളാണ് തൊഴിലാളികൾ ഉല്പാദിപ്പിക്കുന്നത്. മിൽത്തുണിത്തരങ്ങളേക്കാൾ മേന്മയുള്ള, ദീർഘനാൾ ഉപയോഗിക്കാൻ കഴിയുന്ന ഖാദി വസ്ത്രങ്ങളാണ് തൊഴിലാളികൾ നെയ്തെടുക്കുന്നത്. പ്രിന്റഡ് സിൽക്ക്, പയ്യന്നൂർ പട്ട്, കാന്താ സിൽക്ക്, ജൂട്ട് സിൽക്ക് തുടങ്ങിയ പട്ട് സാരികളും കോട്ടൺ സാരികൾ, റെഡി മെയ്ഡ് ഷർട്ടുകൾ, ദോത്തികൾ, പഞ്ഞി മെത്തകൾ, തലയിണ, ബെഡ് ഷീറ്റുകൾ, കാർപ്പറ്റുകൾ, മരചക്കിൽ ആട്ടിയ എള്ളെണ്ണ, സ്റ്റാർച്ചുകൾ തുടങ്ങിയ സാധനങ്ങളും സ്റ്റാളിൽ ലഭ്യമാണ്.
സ്വർണസമ്മാനങ്ങൾ
ഈ ഓണക്കാലത്ത് 150 കോടി രൂപയുടെ വിറ്റുവരവാണ് ഖാദി ബോർഡ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ 426 കേന്ദ്രങ്ങളിലാണ് ഖാദി ഉല്പന്നങ്ങൾ നിർമ്മിക്കുന്നത്. 15000ത്തോളം തൊഴിലാളികളുണ്ട്. മൂന്ന് സഞ്ചരിക്കുന്ന സ്റ്റാളുകൾ ഉൾപ്പെടെ 182 വില്പന കേന്ദ്രങ്ങളാണ് ഖാദി ബോർഡിന് കേരളത്തിലുള്ളത്. ഓണം -വിഷു നാളുകളിൽ സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും തവണ വ്യവസ്ഥയിൽ തുണികൾ നൽകുന്നുണ്ട്. ഓണം പ്രമാണിച്ച് ആകർഷകമായ സമ്മാന പദ്ധതികളും ഖാദി ബോർഡ് ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. ഖാദിയുടെ സ്റ്റാളുകളിൽ നിന്ന് തുണി വാങ്ങുന്നവർക്ക് കൂപ്പണുകൾ നൽകും. ഒന്നാം സമ്മാനം 10 പവനും രണ്ടാം സമ്മാനം 5 പവനുമാണ്. മൂന്നാം സമ്മാനം 1 പവൻ വെച്ച് 14 പേർക്ക് നൽകും. കൂടാതെ ഓരോ ആഴ്ചയിലും 5000 രൂപയുടെ ഗിഫ്റ്ര് വൗച്ചർ സമ്മാനങ്ങളും നൽകുന്നു.