
 വീടൊരുങ്ങുക 100 കുടുംബങ്ങൾക്ക്
കൊല്ലം: അതിദരിദ്ര വിഭാഗത്തിൽപ്പെട്ട 100 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുന്ന സ്വപ്നക്കൂട് പദ്ധതിയുമായി ജില്ലാപഞ്ചായത്ത്. സ്വന്തമായി സ്ഥലമുള്ളവരും ഒന്നിൽ കൂടുതൽ അംഗങ്ങളുമുള്ള കുടുംബങ്ങൾക്കാണ് വീട് നൽകുക. വീട് ഒന്നിന് 6 ലക്ഷം രൂപ ചെലവ് വരും. അതിൽ 4 ലക്ഷം ജില്ലാ പഞ്ചായത്തും 2 ലക്ഷം ഭവന നിർമ്മാണ ബോർഡും വഹിക്കും. 4 കോടി രൂപയാണ് ആകെ ചെലവ്. വീടിന്റെ നിർമ്മാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറും.
ആരോഗ്യം കാക്കാൻ ആയുർപാലിയം
ജില്ലയിലെ എല്ലാ പാലിയേറ്റീവ് രോഗികൾക്കും ആയുർവേദ ചികിത്സ നൽകുന്ന ആയുർപാലിയം പദ്ധതിയും ആരംഭിച്ചു. ഗ്രാമപഞ്ചായത്തുകളെ ഭാരതീയ ചികിത്സാവകുപ്പിലെ ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള ക്ലസ്‌റ്ററുകളാക്കി തിരിക്കും. തുടർന്ന് ഓരോ ക്ളസ്‌റ്ററുകൾക്കും ഓരോ പാലിയേറ്റീവ് ടീം സജ്ജമാക്കും. അടിസ്ഥാന സൗകര്യം, വാഹനം, ഔഷധം, ജീവനക്കാർ എന്നിവയൊരുക്കും. ഗ്രാമപഞ്ചായത്തുകളിലെ പാലിയേറ്റീവ് മാനേജ്മെന്റ് കമ്മിറ്റി ചികിത്സാപദ്ധതി തയ്യാറാക്കി ഗൃഹസന്ദർശന പരിപാടി ക്രമീകരിക്കും. 72 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ശ്രുതിലയം, ഡ്രീംസ്, ഉയരെ...
അഗ്രിടെക് : വി.എച്ച്.എസ്.സി, ഡിപ്ലോമ, ബി.എസ് സി അഗ്രിക്കൾച്ചർ പാസായവർക്ക് അപ്രന്റീസ്ഷിപ്പ് നിയമനം
ശ്രുതിലയം: വയോജനങ്ങൾക്ക് ചാരുകസേരയും റേഡിയോയും
പാരാമെഡിക്കൽ ടെക്: പാരാമെഡിക്കൽ കോഴ്സുകൾ പാസായവർക്ക് അപ്രന്റീസ്ഷിപ്പ് നിയമനം
ഡ്രീംസ്: പട്ടികജാതി വിഭാഗങ്ങൾക്ക് സിവിൽ സർവീസ് പരീക്ഷാപരിശീലനം
ഉയരെ: പട്ടികജാതി വിഭാഗങ്ങൾക്ക് എൻജിനിയറിംഗ്, മെഡിക്കൽ പ്രവേശന പരീക്ഷാപരിശീലനം
ട്രൈബൽ ഫെസ്റ്റ്: ഗോത്രവർഗ മേഖലയിലെ ഉത്പന്നങ്ങളുടെ വിപണനവും കലാപരിപാടിയും
മറ്റ് പദ്ധതികൾ
1. അഞ്ചൽ ഫാമിൽ ചിത്രശലഭ പാർക്ക്, ഔഷധോദ്യാനം, കുട്ടികളുടെ പാർക്ക്
2. സ്കൂളുകളിൽ ഇൻഡോർ ഫിറ്റ്നസ് പാർക്ക്
3. ഗ്രാമപഞ്ചായത്തുകളിൽ വയോപാർക്ക്
4. ഒമ്പത് ഗ്രാമപഞ്ചായത്തുകളിൽ കൂടി ഓപ്പൻ ജിംനേഷ്യം
5. വെറ്ററിനറി ന്യായവില മെഡിക്കൽ സ്റ്റോറിന് 60 ലക്ഷം
6. കാൻസർ ബാധിതരായ വൃദ്ധർക്ക് ഭക്ഷണക്കിറ്റ്
7. അഗതിമന്ദിരങ്ങളിലെ വയോജനങ്ങൾക്ക് ഏകദിന ഉല്ലാസയാത്ര
മുൻവർഷങ്ങളിൽ ജില്ലാപഞ്ചായത്ത് നടപ്പാക്കിയ മാലാഖക്കൂട്ടം, സ്കിൽ ടെക്, ഓപ്പൺ ജിംനേഷ്യം, തണ്ണീർ പന്തൽ പദ്ധതികൾ മാതൃകയായി സ്വീകരിച്ച് സംസ്ഥാനത്താകെ നടപ്പാക്കിവരുന്നു.
സാം കെ.ഡാനിയേൽ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്