neet

കൊല്ലം: നീറ്റ് പരീക്ഷാ പരിശോധനയ്ക്കിടെ ആയൂർ മാർത്തോമ കോളേജിൽ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ കുറ്റപത്രം ഒരുമാസത്തിനകം സമർപ്പിക്കും.

കൂടുതൽ മൊഴികളും തെളിവുകളും ശേഖരിക്കുകയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

കേസിൽ ആയൂർ മാർത്തോമ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജും എം.സി.എ മേധാവിയും നീറ്റ് കോ- ഓർഡിനേറ്ററുമായ പുനലൂർ സ്വദേശി പ്രിജി ഐസക് കുര്യൻ, നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ നിരീക്ഷകനായെത്തിയ പെരിങ്ങമല ഇക്ബാൽ കോളേജ് അദ്ധ്യാപകൻ കുളത്തൂപ്പുഴ സ്വദേശി ഡോ. ഷംനാദ്, കോളേജിലെ രണ്ട് ജീവനക്കാരികൾ, നാഷണൽ ടെസ്റ്റിംഗ് ഏജൻസി സ്വകാര്യ ഏജൻസി വഴി നിയോഗിച്ച പരിശോധനാ സംഘത്തിലെ മൂന്ന് ജീവനക്കാർ എന്നിങ്ങനെ ഏഴു പ്രതികളാണുള്ലത്.

ജൂലായ് 17ന് നടന്ന മെഡിക്കൽ, ഹോമിയോ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാ പരിശോധനയ്ക്കിടെ, പ്രിജി ഐസക് കുര്യൻ, ഡോ. ഷംനാദ് എന്നിവരുടെ നിർദ്ദേശ പ്രകാരം മറ്റ് പ്രതികൾ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് നീക്കിയെന്നാണ് കണ്ടെത്തൽ.

ശൂരനാട് സ്വദേശിയായ വിദ്യാർത്ഥിനിയുടെ രക്ഷിതാവാണ് ആദ്യം പരാതി നൽകിയത്. പിന്നീട് ആറുപേർ കൂടി പരാതിപ്പെട്ടു. ഇവരടക്കം 40 ഓളം പേരുടെ മൊഴി രേഖപ്പെടുത്തി.

കോളേജിലെ സി.സി ടി.വി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകളും ശേഖരിച്ചു.

സ്ത്രീത്വത്തെ അപമാനിക്കൽ (ഐ.പി.സി 354), മാനഹാനി വരുത്തൽ (ഐ.പി.സി 509) എന്നീ വകുപ്പുകളാണ് ചുമത്തിയത്.

വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തു. നാഷണൽ ടെസ്റ്റിംഗ് എജൻസി നിയോഗിച്ച വിദഗ്ദ്ധ സംഘം കൊല്ലത്തെത്തി പരാതിക്കാരായ വിദ്യാർത്ഥിനികൾ, മറ്റ് കേന്ദ്രങ്ങളിൽ പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ളവർ, മാർത്തോമ കോളേജിൽ പരീക്ഷ നടത്തിപ്പിന്റെ ചുമതലയുള്ളവർ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു.