
 ഒരു പഞ്ചായത്തിൽ ഒരേസമയം 20 പ്രവൃത്തികൾ മാത്രം
കൊല്ലം: തൊഴിൽ ദിനങ്ങൾ പരിമിതപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി തൊഴിലുറപ്പിന്റെ ഉറപ്പില്ലാതാക്കുന്നു. ആഗസ്റ്റ് ഒന്നിന് നിലവിൽ വന്ന പുതിയ നിയമമനുസരിച്ച് ഒരു പഞ്ചായത്തിൽ ഒരേസമയം 20 പ്രവൃത്തികൾ മാത്രമേ പാടുള്ളു.
നേരത്തെ തൊഴിലാളികളുടെ എണ്ണം അനുസരിച്ച് ഒരോ വാർഡുകളിലും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് എത്ര പ്രവൃത്തികൾ വരെ വേണമെങ്കിലും നടത്താമായിരുന്നു. ആ സ്ഥാനത്താണ് ഒരു പഞ്ചായത്തിലെ പ്രവൃത്തികൾ ഇരുപതായി ചുരുങ്ങിയത്.
നിർദ്ധന വിഭാഗത്തിൽപ്പെട്ട ഒട്ടേറെ ആളുകളുടെ ആശ്രയമായിരുന്ന തൊഴിലുറപ്പ് ദിനങ്ങൾ കുറഞ്ഞത് വരുമാനത്തെയും ജീവിത സാഹചര്യങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഒരു വർഷം ഒരു കുടുംബത്തിന് 100 തൊഴിൽ ദിനങ്ങൾ എന്നതായിരുന്നു സർക്കാർ നയം. തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കുന്നവർക്ക് സംസ്ഥാന സർക്കാർ പ്രത്യേക ഇൻസെന്റീവും നൽകിയിരുന്നു. ഒരു ജോലി എറ്റെടുത്ത് എസ്റ്റിമേറ്റ് തയ്യാറാക്കി ഗ്രാമ- ബ്ളോക്ക് പഞ്ചായത്തുകളുടെ അനുമതി വാങ്ങി വാർഡുകളിൽ തൊഴിലാളികളുടെ എണ്ണം അനുസരിച്ച് ഗ്രൂപ്പുകളായി തിരിച്ച് തൊഴിൽ ചെയ്തിരുന്ന സ്ഥിതിയാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്.
1. 20 വാർഡിന് മുകളിലുള്ള പഞ്ചായത്തുകൾക്ക് ദോഷകരം
2. ജില്ലയിൽ ഭൂരിപക്ഷം പഞ്ചായത്തുകളും 20ന് മുകളിൽ
3. പ്രവൃത്തികൾ കുറയുമ്പോൾ മറ്റ് വാർഡുകളിൽ തൊഴിൽ ഇല്ലാതാകും
4. പുതിയ പ്രവൃത്തികൾ ഏറ്റെടുക്കുന്നതിൽ കാലതാമസം നേരിടും
5. ഒരു ജോലി തീർന്നാലും തുക ലഭിക്കാൻ വർഷങ്ങളെടുക്കും
6. ഒന്നര വർഷത്തെ കുടിശിക ലഭിച്ചത് കഴിഞ്ഞമാസം
7. നിമ്മാണ സാമഗ്രികളുടെ തുക എന്റർ ചെയ്തെങ്കിലേ വർക്ക് പൂർണമാകൂ
8. വർക്ക് പൂർത്തിയായാലും പുതിയ ജോലി ഏറ്റെടുക്കാൻ ഇത് തടസമാകും
ജില്ലയിൽ തൊഴിലുറപ്പ് തൊഴിലാളികൾ - 1,80,000
കഴിഞ്ഞവർഷം പ്രവൃത്തിദിനം - 1 കോടി
100 പ്രവൃത്തി ദിനം ലഭിച്ചവർ - 70,000
ശരാശരി ലഭിച്ച പ്രവൃത്തിദിനം - 66
ദിവസ വരുമാനം - 311
തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം ഇല്ലാതായി. തൊഴിലാളികളുടെ വരുമാനം കുറഞ്ഞ്, ക്രമേണ ഇത് ഇല്ലാതാവും.
ഡോ. സി. ഉണ്ണിക്കൃഷ്ണൻ,
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, പടി. കല്ലട