കൊല്ലം: ലോട്ടറി തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ സർക്കാർ സംരക്ഷിക്കുന്നില്ലെന്ന് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ആരോപിച്ചു. ക്ഷേമനിധി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയവർക്ക് കുടിശ്ശിക അടച്ച് അംഗത്വം പുനസ്ഥാപിക്കാൻ എല്ലാ വർഷവും അദാലത്ത് നടത്തിയിരുന്നു. എന്നാൽ ഇക്കൊല്ലം സർക്കാരും ബോർഡും തൊഴിലാളികൾക്ക് അത് നിഷേധിച്ചു. അവർക്ക് ബോണസ് നിഷേധിക്കാനുള്ള നീക്കം നടക്കുകയാണ്.
സംസ്ഥാനത്ത് ചില ലോട്ടറി മാഫിയകളുടെ നേതൃത്വത്തിൽ നടക്കുന്ന സെറ്റ് വിൽപ്പന, വിലകുറച്ച് വിൽപ്പന, ഓൺലൈൻ വിൽപ്പന, എഴുത്ത് ലോട്ടറി എന്നിവ നിയന്ത്രിക്കാൻ സർക്കാരിന് കഴിയുന്നില്ല. ഇതിലൂടെ തൊഴിലാളികൾക്ക് ദിവസേന നഷ്ടം സംഭവിക്കുന്നു. ഇക്കാര്യങ്ങൾ നിരന്തരം ചൂണ്ടിക്കാട്ടിയിട്ടും സർക്കാർ വേണ്ടത്ര നടപടികൾ സ്വീകരിക്കുന്നില്ലെന്ന്
ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് പറഞ്ഞു.
ലോട്ടറിക്ക് ഏർപ്പെടുത്തിയ 28ശതമാനം ജി.എസ്.ടി. 12 ശതമാനമായി കുറയ്ക്കാൻ സർക്കാർ തയ്യാറാകണം. അതുവഴി ലഭിക്കുന്ന തുക സമ്മാനമായി നൽകി ലോട്ടറി വ്യവസായത്തെ സംരക്ഷിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) കൊല്ലം ജില്ലാ പ്രസിഡന്റ് ഒ.ബി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കെവിള ശശി, വേണു പഞ്ചവടി, പള്ളിമുക്ക് എച്ച്. താജുദ്ദീൻ, വിളയത്ത് രാധാകൃഷ്ണൻ, എസ്.സലാഹുദീൻ, ബി.ശങ്കരനാരായണപിള്ള, എസ്.ശിഹാബുദീൻ, മുനീർ ബാനു, റീനാ സജി തുടങ്ങിയവർ സംസാരിച്ചു.