പടിഞ്ഞാറെകല്ലട: ശാസ്താംകോട്ട, കരുനാഗപ്പള്ളി റൂട്ടിൽ ആഞ്ഞിലിമൂട് ജംഗ്ഷന് സമീപം സഫലി മുസ്ലിം പള്ളിക്ക് മുന്നിലെ കാലപ്പഴക്കം ചെന്ന മരം ഏത് നിമിഷവും നിലം പതിച്ചേക്കാം. എന്നാൽ ഇത്ര അപകടഭീഷണിയിലായിട്ടും ഈ മരം മുറിച്ച് നീക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നില്ല. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്. കനത്ത മഴ തുടങ്ങിയതോടെ. മരം റോഡിലേക്ക് ചാഞ്ഞു കൊണ്ടിരിക്കുകയാണ്. ഉയരമുള്ള വാഹനങ്ങളുടെ മുകൾവശം മരത്തിലിടിച്ച് മരത്തിനും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുക പതിവാണ്.

പരാതികൾ നിരവധി

മാസങ്ങൾക്കു മുമ്പ് നാട്ടുകാർ ജില്ലാ കളക്ടർ, കുന്നത്തൂർ മോട്ടോർ വാഹന വകുപ്പ് അധികൃതർ , പൊതുമരാമത്ത് വകുപ്പ് , വനം വകുപ്പ്, ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതി നൽകിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഏതാനും മാസങ്ങൾക്കു മുമ്പ് ശാസ്താംകോട്ട ഫിൽറ്റർ ഹൗസിന് മുന്നിൽ കാറിന്റെ മുകളിൽ മരം കടപുഴകിവീണതിനെ തുടർന്ന് വാഹനം ഭാഗികമായി തകർന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.

കാലപ്പഴക്കം ചെന്ന ഈ മരത്തിനോട് ചേർന്നാണ് റോഡരികിൽ പുതിയതായി ഓട നിർമ്മിച്ചത്. ഈ സമയത്ത് മരത്തിന്റെ ചുവട്ടിലെ വേരുകൾ മുറിച്ചുമാറ്റിയത് മരം റോഡിലേക്ക് ചായുവാൻ കാരണമായി. അപകടാവസ്ഥയിൽ നിൽക്കുന്ന മരം മുറിച്ചു മാറ്റാൻ വേണ്ട നടപടി അധികൃതർ സ്വീകരിക്കണം.

ഇസ്മായിൽ കുട്ടി,

വ്യാപാരി . ആഞ്ഞിലിമൂട് .