 
കൊല്ലം: പരാതിക്കാർക്കും പ്രതികൾക്കും മാത്രമല്ല, പൊലീസുകാർക്ക് പോലും നിൽക്കാനോ ഇരിക്കാനോ ഇടമില്ലാതെ കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ വീർപ്പുമുട്ടുകയാണ്. പഴയ കെട്ടിടത്തെക്കാൾ ദുരിതമാണ് മാറ്റിസ്ഥാപിച്ച എതിർവശത്തെ കെട്ടിടത്തിൽ അവർ അനുഭവിച്ചു തീർക്കുന്നത്. അതേസമയം, സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കാനുള്ള നടപടിയും അനന്തമായി നീളുകയാണ്.
കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് കിളികൊല്ലൂർ പൊലീസ് സ്റ്രേഷൻ വർഷങ്ങളായി പ്രവർത്തിച്ചിരുന്നത്. ഈ കെട്ടിടം ഏത് നിമിഷവും തകർന്നുവീഴാമെന്ന അവസ്ഥയിലെത്തിയപ്പോഴാണ് എതിർവശത്തെ കെട്ടിടത്തിലേക്ക് താത്ക്കാലികമായി മാറിയത്.
പുതിയ കെട്ടിടത്തിന്റെ നിർമ്മാണം അധികം താമസിയാതെ നടക്കുമെന്ന പ്രതീക്ഷയിലാണ് കാര്യമായ സൗകര്യങ്ങളില്ലാത്ത പുതിയ ഇടത്തേക്ക് മാറിയത്. പുതിയ കെട്ടിടത്തിലേയ്ക്കുള്ള മാറ്റത്തിൽ പൊതുജനങ്ങളും പൊലീസുകാരും ഒരു പോലെ വലയുകയാണ്. ഉദ്യോഗസ്ഥരുടെ മുന്നിൽ പരാതിക്കാർക്ക് ഒരു ഇരിപ്പിടം നൽകാൻ പോലും സ്ഥലമില്ല. തെരുവു നായ്ക്കളുടെ വിഹാര കേന്ദ്രം കൂടിയാണ് സ്റ്റേഷൻ പരിസരം. സ്റ്റേഷനിൽ പരാതിയുമായി എത്തുന്നവരെ തെരുവുനായ് സംഘം വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിക്കുന്നത് നിത്യസംഭവമാണ്.
ഇരിക്കാൻ പോലും ഇടമില്ല
40 ഓളം പൊലീസുകാരുള്ള ഇവിടെ 20 പേർക്ക് ഇരിക്കാൻ പോലും സൗകര്യമില്ല. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനും കാര്യമായ സൗകര്യങ്ങളില്ല. സ്റ്റേഷനിലെ സെല്ലുകളുടെ സുരക്ഷിതത്വത്തെക്കുറിച്ചും പൊലീസുകാർ തന്നെ ആശങ്കയുണ്ട്. പുതിയ കെട്ടിടത്തിനായി, നേരത്തെ സ്റ്റേഷൻ പ്രവൃത്തിച്ചിരുന്ന സ്ഥലം ഉടമസ്ഥത തങ്ങളിൽ നിലനിർത്തിക്കൊണ്ട് കോർപ്പറേഷൻ ആഭ്യന്തര വകുപ്പിന് കൈമാറാൻ തീരുമാനിച്ചിരുന്നു.
മൂന്ന് കോടി രൂപ ചെലവിൽ കെട്ടിട നിർമ്മിക്കാനുള്ള പദ്ധതിയും നേരത്തെ സമർപ്പിച്ചിരുന്നു. എന്നാൽ, പണം അനുവദിപ്പിക്കാൻ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.