phot

പുനലൂർ: കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ തെന്മല പരപ്പാർ അണക്കെട്ടിന്റ് മൂന്ന് ഷട്ടറുകളും ഇന്ന് തുറക്കും.

രാവിലെ 11ന് അഞ്ച് സെന്റി മീറ്റർ വീതം മൂന്ന് ഷട്ടറുകളും ഘട്ടം ഘട്ടമായി 50 സെന്റി മീറ്റർ വരെ ഉയർത്തി വെള്ളം കല്ലടയാറ്റിലേയ്ക്ക് ഒഴുക്കും.115.87 മീറ്റർ സംഭരണ ശേഷിയുള്ള അണക്കെട്ടിൽ ഇന്നലെ വൈകിട്ട് 109.08 മീറ്ററാണ് ജലനിരപ്പ്. രണ്ട് ദിവസം മുമ്പ് ജലനിരപ്പ് 104.09 മീറ്റർ രേഖപ്പെടുത്തിയിരുന്നു. പദ്ധതി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്. 64 മില്ലി മീറ്റർ മഴ രേഖപ്പെടുത്തിയ വൃഷ്ടി പ്രദേശത്ത് നീരോഴുക്ക് ശക്തമാണ്.

മൊത്തം സംഭരണ ശേഷിയുടെ 71 ശതമാനം ജലനിരപ്പാണ് ഇപ്പോഴുള്ളത്.

പ്രവർത്തിക്കുന്നത് ഒരു ജനറേറ്റർ

വൈദ്യുതി ഉത്പാദനത്തിന് രണ്ട് ജനറേറ്ററുകൾ ഉണ്ടെങ്കിലും ഒരു ജനറേറ്റർ മാത്രമാണ് പ്രവർത്തിപ്പിക്കുന്നത്. രണ്ടാമത്തെ ജനറേറ്റർ വാർഷിക അറ്റകുറ്റപ്പണി നടത്തുകയാണ്. രണ്ട് ജനറേറ്ററുകൾ വഴി ദിവസവും 15 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചിരുന്നത്. ഇപ്പോഴിത് പകുതിയായി. അടുത്ത ആഴ്ചയോടെ രണ്ടാമത്തെ ജനറേറ്ററും പ്രവർത്തന സജ്ജമാക്കും.

കല്ലടയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവരും നദിയിലും നദീമുഖങ്ങളിലും വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും ജാഗ്രത പാലിക്കണം.

ദുരന്ത നിവാരണ അതോറിറ്റി അധികൃതർ