kunnathoor
സിനിമാപറമ്പിലെ ആക്രിക്കടയിൽ ഉണ്ടായ തീപിടുത്തം

കുന്നത്തൂർ : വണ്ടിപ്പെരിയാർ - ഭരണിക്കാവ് ദേശീയപാതയിൽ ഭരണിക്കാവിന് സമീപം സിനിമാപറമ്പിലെ ആക്രിക്കടയിൽ വൻ തീപിടിത്തം. ഇന്നലെ പുലർച്ചെ 4.30 ഓടെയാണ് സിനിമാപറമ്പ് കെ.എസ്.ഇ.ബി സബ് സ്റ്റേഷനു മുന്നിലുള്ള ആക്രിക്കടയിൽ തീപിടിത്തം ഉണ്ടായത്. ശാസ്താംകോട്ട പാറയിൽമുക്ക് സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുള്ളതാണ് ആക്രിക്കട. റോഡിനോട് ചേർന്ന് കടയുടെ വരാന്തയിൽ കിടന്ന പേപ്പർ ബോർഡുകളിലാണ് ആദ്യം തീ പടർന്നത്. പിന്നീട് ആളിപ്പടരുകയായിരുന്നു. പ്രഭാത സവാരിക്കിറങ്ങിയവരാണ് തീ പടരുന്നത് കണ്ടത്.ഉടൻ തന്നെ ഫയർഫോഴ്സിൽ വിവരമറിയിച്ചു. വിവിധ ഭാഗങ്ങളിൽ നിന്നായി 3 യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാൽ കൂടുതൽ ഭാഗത്തേക്ക് പടർന്നില്ല.