പുനലൂർ: ശക്തമായ മഴയിൽ ഓട് മേഞ്ഞ വീടിന്റെ മേൽക്കൂര തകർന്നുവീണു. വീടിനുള്ളിൽ ഉറങ്ങിക്കിടന്ന നാല് വയസുള്ള കുട്ടി രക്ഷപ്പെട്ടു. കരവാളൂർ പഞ്ചായത്തിലെ നരിക്കൽ തേവിയോട് വാർഡിൽ കാഞ്ഞിര നിരപ്പിൽ മാളൂ വിലാസത്തിൽ പ്രസാദിന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്ന് വീണത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സംഭവ സമയത്ത് വീട്ടിനുള്ളിൽ ഉറങ്ങി കിടന്ന നാലു വയസുകാരിയെ മാതാവ് പ്രിയ എടുത്ത് പുറത്ത് ഇറങ്ങിയത് കാരണം അപകടം ഒഴുവായി. പ്രിയയുടെ അച്ഛനും ഭർത്താവും ജോലിക്ക് പോയതിന് ശേഷമാണ് വീടിന്റെ മേൽക്കൂര തകർന്നത്. ഉടൻ ഭർത്താവ് അജയനെ വിവരം അറിയിച്ചു. ഓടിയെത്തിയ ഭർത്താവ് വീട്ടിനുള്ളിലെ കുറെ സാധനങ്ങൾ വാരിപുറത്തിറക്കി. തുടർന്നാണ് മേൽക്കൂര പൂർണമായും നിലം പൊത്തിയത്. വിവരം അറിഞ്ഞ സി.പി.എം പ്രവർത്തകർ പഞ്ചായത്തിലും വില്ലേജിലും വിവരം അറിയിച്ചു.തുടർന്ന് സി.പി.എം കരവാളൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എൻ.രാജേഷിന്റെ നേതൃത്വത്തിൽ ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബിനു, വി.എസ്.പ്രവീൺകുമാർ,ബിൻസ് കെ.സാബു, ഡി.വൈ.എഫ്.ഐ നേതാക്കളായ രതീഷ് ഇലതുണ്ട്,സെബാസ്റ്റ്യൻ, നന്ദു,അനന്ദു,ഹരി തുടങ്ങിയവരുടെ നേതൃത്വത്തിലെത്തിയവർ വീടിന്റെ ഒടിഞ്ഞ് വീണ അവശിഷ്ടങ്ങളും മാറ്റി. മേൽക്കൂരയിൽ ഷീറ്റ് മേഞ്ഞ് വീട് വാസയോഗ്യമാക്കി.