 
ചവറ : ദേശീയപാതയിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ മൈലക്കാട് സ്വദേശികളായ ജേക്കബ് സ്റ്റീഫൻ (29), ഭാര്യ അക്ഷയ (24) ഇവരുടെ മകൾ അമേയ (ഒന്ന്) ബസിലുണ്ടായിരുന്ന യാത്രക്കാരായ അരിനല്ലൂർ സ്വദേശി രാജു (65), പന്മന സ്വദേശി ഷിജിന (22), ചവറ സ്വദേശികളായ അബ്ദുൾ നാസർ (60), ഗായത്രി (24) വർഗീസ് (60), അഷ്ടമുടി സ്വദേശി അലക്സ (18), പുത്തൻ തുറ സ്വദേശികളായ അർഷ (22), ഷൈബു (40) എന്നിവർക്കാണ് പരിക്കേറ്റത്. നീണ്ടകര പരിമണത്തിന് സമീപം ഇന്നലെ 3.30ഓടെയായിരുന്നു അപകടം. കൊല്ലത്ത് നിന്ന് ചവറയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കരുനാഗപ്പള്ളിയിൽ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ബസിന്റെ അടിയിലേക്ക് ഇടിച്ചു കയറി. ഉടൻ തന്നെ സമീപത്തുള്ളവരും ചവറ സി.ഐ ബിപിൻ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് കാർ വെട്ടിപ്പൊളിച്ച് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തു. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിലും നീണ്ടകര താലൂക്കാശുപത്രിയിലും ചികിത്സ തേടി . സംഭവം അറിഞ്ഞ് ചവറ ഫയർഫോഴ്സെത്തി കാർ നാട്ടുകാരുടെ സഹായത്തോടെ കെട്ടി വലിച്ച് ദേശീയപാതയിൽ നിന്ന് മാറ്റിയിട്ടു. അപകടത്തെ തുടർന്ന് കുറച്ച് സമയം ഗതാഗതം സ്തംഭിച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ സുനിൽകുമാർ, എസ്. ശ്യാം കുമാർ,ഗോപകുമാർ,അനൂപ് ബാബു, ബിജു,അനിൽ റോയി,മുഹമ്മദ് സാജിദ് എന്നിവരാണ് കാർ നീക്കിയത്.സാമൂഹിക പ്രവർത്തകൻ ശക്തികുളങ്ങര രവീസ് ടൈലേഴ്സ് ഉടമ ഗണേഷനും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.