
കൊല്ലം: ജില്ലയിൽ ഇന്നലെ മഴയ്ക്ക് അല്പം ശമനമുണ്ടായിരുന്നെങ്കിലും ആശങ്കയുടെ കരിമേഘം ഒഴിയുന്നില്ല. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പും ജലാശയങ്ങളിലെ ജലനിരപ്പ് ഉയരുന്നതുമാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്.
ഇന്നലെ മഴ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും സൃഷ്ടിച്ചില്ല. വരും ദിവസങ്ങളിൽ മഴ കനക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി. നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ലെങ്കിലും ഏത് നിമിഷവും ക്യാമ്പുകൾ തുറക്കാനുള്ള ഒരുക്കം സജ്ജമാണ്. ഇന്ന് തെന്മല ഡാം തുറക്കുന്നതോടെ കല്ലടയാറിന്റെയും ഇത്തിക്കരയാർ, പരവൂർ കായൽ എന്നിവയുടെ തീരങ്ങളിലുള്ളവരെ മാറ്റിപ്പാർപ്പിക്കേണ്ടിവരുമെന്ന് സൂചനയുണ്ട്.
ഇന്നലെ പലയിടങ്ങളിലും മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുവീണും വൈദ്യുതി ബന്ധവും ഗതാഗതവും തടസപ്പെട്ടു.
കടപുഴകാൻ സാദ്ധ്യതയുള്ള മരങ്ങൾ പലയിടങ്ങളിലും മുറിച്ചുനീക്കിയിട്ടുണ്ട്. തീരമേഖലയിലും അതീവ ജാഗ്രതാ നിർദ്ദേശമുണ്ട്. വിലക്ക് ലംഘിച്ച് കടലിൽ പോകാൻ ശ്രമിച്ച ബോട്ടുകൾക്കെതിരെ ഫിഷറീസ് വകുപ്പ് നടപടി ആരംഭിച്ചു.