
കൊല്ലം: എതിർപക്ഷ രാഷ്ട്രീയത്തിന് നേരെ തെല്ലുപോലും കരുണ കാണിക്കാത്ത കോൺഗ്രസിന്റെ തീക്കാറ്റായിരുന്നു അന്തരിച്ച ഡോ. ജി. പ്രതാപവർമ്മ തമ്പാൻ. അറുപത് പിന്നിട്ടെങ്കിലും അദ്ദേഹത്തിന്റെ സിരകൾ പഴയ കെ.എസ്.യുക്കാരനെപ്പോലെ തിളച്ചിരുന്നു.
അത് വാക്കുകളായി കത്തിജ്വലിക്കുമായിരുന്നു. ഒപ്പം നർമ്മങ്ങൾ വിതറി ചിരിപ്പിക്കുമായിരുന്നു. ഇന്നലെ കോൺഗ്രസന്റെ മണ്ഡലം നേതൃയോഗങ്ങളിൽ തമ്പാന്റെ തീ പാറുന്ന പ്രസംഗത്തിനായി പ്രവർത്തകർ കാത്തിരിക്കുമ്പോഴാണ് അവിടേയ്ക്കെത്താതെ അദ്ദേഹം യാത്രയായത്.
തമ്പാൻ കോൺഗ്രസ് രാഷ്ട്രീയത്തിലെ തീപ്പന്തമായി ജ്വലിച്ച് തുടങ്ങിയത് 48 വർഷങ്ങൾക്ക് മുമ്പ് കൊല്ലം എസ്.എൻ കോളേജിന്റെ ഭൂമികയിലാണ്. എസ്.എഫ്.ഐയും കെ.എസ്.യുവും തമ്മിൽ സംഘർഷം പതിവായിരുന്ന കാലം. അക്കാലത്ത് എസ്.എൻ കോളേജിലെ കെ.എസ്.യുവിന്റെ ഉരുക്കുമനുഷ്യനായി അദ്ദേഹം മാറി.
പിന്നീട് യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും നേതാവായപ്പോഴും അദ്ദേഹം സമരഭൂമികളിൽ തീക്കാറ്റായി. കോൺഗ്രസിന്റെ മുതിർന്ന നേതാവായിട്ടും എവിടെയെങ്കിലും കെ.എസ്.യു പ്രവർത്തകർ ആക്രമിക്കപ്പെട്ടാൽ പതിനേഴുകാരന്റെ ആവേശത്തോടെ ഓടിയെത്തുമായിരുന്നു. കൊല്ലം ഡി.സി.സി പ്രസിഡന്റായപ്പോൾ കോൺഗ്രസ് പാർട്ടിക്ക് മാത്രമല്ല, കെ.എസ്.യു, യൂത്ത് കോൺഗ്രസ് അടക്കമുള്ള ജില്ലയിലെ പോഷകസംഘടനകൾക്കെല്ലാം അദ്ദേഹം പുതുജീവൻ നൽകി. അടിത്തട്ടിലേക്കിറങ്ങി സാധാരണ പ്രവർത്തകരുടെ തോളിൽ കൈയിട്ട് പ്രവർത്തിക്കുന്നതായിരുന്നു തമ്പാന്റെ ശൈലി.
അറിവിന്റെ അടിവേര് കടഞ്ഞ് കത്തിക്കയറും
കോൺഗ്രസിലെ എ ഗ്രൂപ്പിന്റെ ശക്തനായ വക്താവായിരുന്ന അദ്ദേഹം പല ഘട്ടങ്ങളിലും അരിഞ്ഞുവീഴ്ത്തപ്പെട്ടിട്ടുണ്ട്. പക്ഷേ വീണ്ടും ഫീനിക്സ് പക്ഷിയെപ്പോലെ മടങ്ങിവരുമായിരുന്നു. ഏറെക്കാലം പദവികളൊന്നുമില്ലാതെ പ്രവർത്തിച്ചിട്ടുണ്ട്. കെ.എസ്.യു സംസ്ഥാന സെക്രട്ടറിയായിരിക്കെ ഐ ഗ്രൂപ്പുകാരുടെ കുത്തേറ്റ് മരണത്തിന്റെ വക്കോളമെത്തി. എതിർ രാഷ്ട്രീയക്കാർക്ക് നേരേ മാത്രമല്ല, കോൺഗ്രസിലെ പല നേതാക്കൾക്കെതിരെയും അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞിട്ടുണ്ട്. അത് വലിയ വിവാദങ്ങൾക്കും കാരണമായി. ഏറെ ആഴത്തിൽ വായിക്കുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസംഗങ്ങൾക്കിടയിൽ ഗാന്ധിയും നെഹ്റുവും മാത്രമല്ല, മാർക്സും സ്റ്റാലിനും ഗോർബച്ചേവും ഗോൽവൽക്കറും കടന്നുവരും. സമകാലിക പ്രശ്നങ്ങൾ പറഞ്ഞ് മാത്രമല്ല, സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും അടിവേരുകളിലേക്ക് ആഴ്ന്നിറങ്ങിയായിരുന്നു ആളിക്കത്തുകയും ഒപ്പം കുടുകുടാ ചിരിപ്പിക്കുകയും ചെയ്യുന്ന തമ്പാന്റെ പ്രസംഗങ്ങൾ.