
കൊല്ലം: സമരങ്ങൾക്കും സമ്മേളനങ്ങൾക്കും ഉശിരോടെ ഓടിയെത്തിയിരുന്ന പ്രതാപവർമ്മ തമ്പാന്റെ മരണവാർത്ത, വല്ലാത്ത ഞെട്ടലാണ് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരിൽ സൃഷ്ടിച്ചത്. വാർത്ത ശരിയാണോയെന്ന് പലവട്ടം ഉറപ്പിച്ച ശേഷമാണ് നേതാക്കളും പ്രവർത്തകരും അദ്ദേഹത്തിന്റെ വസതിയിലേക്ക് ഓടിയെത്തിയത്.
ജില്ലയിലെ കോൺഗ്രസിന്റെ എല്ലാ മണ്ഡലം കമ്മിറ്റികളിലും പങ്കെടുത്തിട്ടുള്ള ഏക ഡി.സി.സി പ്രസിഡന്റെന്ന പ്രത്യേകതയും തമ്പാനുണ്ട്. അതുകൊണ്ട് തന്നെ പാർട്ടി പ്രവർത്തകർക്ക് അത്രയേറെ പ്രീയപ്പെട്ട നേതാവായിരുന്നു തമ്പാൻ. അദ്ദേഹം നേടിയെടുത്ത ജനപ്രീതിയുടെ ഉദാഹരമാണ് 2001 ൽ ചാത്തന്നൂർ മണ്ഡലത്തിലെ അട്ടിമറി വിജയം. സി.പി.ഐ ഉറപ്പിച്ചിരുന്ന മണ്ഡലം വ്യക്തിപ്രഭാവവും ചിട്ടയായ പ്രവർത്തനത്തിലൂടെയും പ്രതാപവർമ്മ തമ്പാൻ പിടിച്ചെടുക്കുകയായിരുന്നു.
ഫലിതം പറഞ്ഞ് ചിരിപ്പിച്ച് മടങ്ങി
ക്വിറ്റ് ഇന്ത്യ ദിനത്തിൽ കോൺഗ്രസ് ആരംഭിക്കുന്ന ജാഥ വിജയിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം. ബുധനാഴ്ച കരുനാഗപ്പള്ളി, കുണ്ടറ എന്നിവിടങ്ങളിലെ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയോഗങ്ങളിൽ പങ്കെടുത്ത് പ്രസംഗത്തിനിടയിൽ ഏറെ ഫലിതങ്ങൾ പറഞ്ഞ് പ്രവർത്തകരെ ഏറെ ചിരിപ്പിച്ചാണ് മടങ്ങിയത്. വിദ്യാർത്ഥി സംഘടനാ പ്രവർത്തനകാലത്ത് എതിർസംഘടനാ പ്രവർത്തകരിൽ നിന്നും പൊലീസിൽ നിന്നും ക്രൂരമർദ്ദനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.
ഉറച്ച നിലപാട്
ഗ്രൂപ്പിന്റെ പേരിൽ സ്ഥാനമാനങ്ങൾ നഷ്ടമായപ്പോഴും അദ്ദേഹം നിലപാടുകളിൽ നിന്ന് തെല്ല് പോലും പിന്നോട്ട് പോയിട്ടില്ല. സ്ഥാനമാനങ്ങൾ ഇല്ലാത്തപ്പോഴും പ്രവർത്തകർക്ക് അദ്ദേഹം നേതാവായിരുന്നു. അക്കാലത്തും കോൺഗ്രസിന്റെ എല്ലാ ക്യാമ്പയിനുകളുടെയും സമരങ്ങളുടെയും മുൻ നിരയിൽ അദ്ദേഹം ഉണ്ടായിരുന്നു. എ ഗ്രൂപ്പിൽ അടിയുറച്ച് നിൽക്കുമ്പോഴും അദ്ദേഹത്തിന് ലഭിച്ച സ്ഥാനങ്ങളൊന്നും ഗ്രൂപ്പ് വീതം വയ്ക്കലിൽ കിട്ടിയതായിരുന്നില്ല. അത്മാർത്ഥമായ പ്രവർത്തനത്തിലൂടെ അദ്ദേഹം സ്വയം നേതൃത്വത്തിലേക്ക് വളരുകയായിരുന്നു.