 
തഴവ: ദേശീയപാത നിർമ്മാണത്തിലെ അധികൃതരുടെ അനാസ്ഥ സമീപവാസികളുടെയും, വിവിധ കച്ചവട സ്ഥാപന ഉടമകളുടെയും ജീവനക്കാരുടെയും ജീവിതം ദുരിതത്തിലാക്കുന്നു. റോഡ് നിർമ്മാണത്തിനായി ദേശീയപാത അതോറിട്ടി ഏറ്റെടുത്ത സ്ഥലത്തിന്റെ കിഴക്ക് -പടിഞ്ഞാറ് അതിർത്തിയിൽ ഓട നിർമാണത്തിനുള്ള ഒരുക്കങ്ങളാണ് നിലവിൽ നടക്കുന്നത്. അതിനായി ദേശീയപാതയിൽ പുത്തൻ തെരുവ് ജംഗ്ഷൻ മുതൽ വടക്കോട്ട് ഒരു മാസം മുമ്പ് ആറടി വീതിയിൽ ഒന്നര മീറ്റർ താഴ്ചയിൽ കുഴിയെടുത്ത് കമ്പി കെട്ടിയെങ്കിലും നാളിതുവരെ യാതൊരു തുടർ നടപടികളും ഉണ്ടായിട്ടില്ല. കുഴി മുറിച്ചു കടക്കുവാൻ താത്കാലിക സംവിധാനം ഒരുക്കാൻ പോലും കരാറുകാർ തയ്യാറായില്ല. അതോടെ കിടപ്പ് രോഗികൾ ഉൾപ്പടെയുള്ളവരെ പതിവ് ചികിത്സകൾക്ക് ആശുപത്രികളിൽ എത്തിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്.
ചെളിക്കുണ്ടായി പാതയോരം
ജെ.സി.ബി ഉപയോഗിച്ച് ഓടയ്ക്ക് കുഴിയെടുത്ത ശേഷം ഗ്രാവിൽ ദേശീയ പാതയോരത്ത് തന്നെ നിരത്തി. മഴ പെയ്തതോടെ ഇവിടം ചെളിക്കുണ്ടായി മാറി. ഇതോടെ വവ്വക്കാവ് ദേശീയ പാതയോരത്തുള്ള കുടുംബങ്ങൾക്ക് ഓട്ടോ-ടാക്സി സേവനങ്ങളും, ഹോട്ടലുകൾ ഉൾപ്പടെയുള്ള കച്ചവട സ്ഥാപനങ്ങളിൽ ആവശ്യക്കാർ കയറുന്നതും പൂർണമായും നിലച്ചു.
മെല്ലെ പോക്ക് സമീപനം
നാമമാത്രമായ തൊഴിലാളികൾ മാത്രമാണ് നിർമ്മാണ പ്രവർത്തനത്തിനെത്തുന്നതെന്ന് സമീപവാസികളും കച്ചവടക്കാരും പറയുന്നു. മൈനിംഗ് ആൻഡ് ജിയോളജിക്കൽ ഉൾപ്പെടെ സംസ്ഥാന സർക്കാരിന്റെ പല വകുപ്പുകളും ദേശീയ പാത നിർമാണത്തോട് മെല്ലെ പോക്ക് സമീപനമാണ് തുടരുന്നതെന്ന് കരാറുകാരുടെ പ്രതിനിധികളും ആരോപിക്കുന്നു. റോഡിന്റെ കിഴക്കുവശത്ത് ഓട നിർമാണത്തിന്റെ കുഴി നിലനിൽക്കെത്തന്നെ കഴിഞ്ഞ ദിവസം പടിഞ്ഞാറ് വശത്തും കുഴിയെടുപ്പ് ആരംഭിച്ചു. പ്രാരഭ ഘട്ടത്തിൽ തന്നെ സമീപവാസികളെയും ,കച്ചവടക്കാരെയും കെണിയിലാക്കിയതോടെ റോഡിന്റെ നിർമ്മാണ വേഗത സംബന്ധിച്ച് ആശങ്ക പടരുകയാണ്.