 
എഴുകോൺ : മുറ്റത്ത് ഒന്നിലധികം ശുചി മുറികൾ ഉണ്ടെങ്കിലും ആവശ്യത്തിന് ഉപകരിക്കാത്ത ഗതികേടിലാണ് വാക്കനാട് ഗവ.സ്കൂളിലെ കുട്ടികൾ. അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കുന്ന ചില ശുചിമുറികളുടെ അവസ്ഥ വളരെ പരിതാപകരമാണ്. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കാണ് ഏറെ ദുരിതം. അവർക്ക് ഉപയോഗിക്കേണ്ട ഭൂരിഭാഗം കക്കൂസുകളുടെയും കതകും ക്ലോസറ്റും വാട്ടർ പൈപ്പും തകർന്ന നിലയിലാണ്.കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്, ശുചിത്വ മിഷൻ ,സർവ ശിക്ഷാ അഭിയാൻ എന്നിവ നിർമ്മിച്ച ടോയിലറ്റ് ബ്ലോക്കുകളാണ് ഉപയോഗ യോഗ്യമല്ലാതെ കിടക്കുന്നത്.
യൂറിനൽ ബ്ളോക്കിൽ വെള്ളമില്ല
അടുത്തിടെ ഗ്രാമപ്പഞ്ചായത്ത് ഹയർ സെക്കൻഡറി വിഭാഗത്തിന് നിർമ്മിച്ച ശുചിമുറികളാണ് ഒരു പരിധി വരെ പെൺകുട്ടികൾക്കും അദ്ധ്യാപികമാർക്കും രക്ഷയാകുന്നത്. 2016 - 17 - ൽ എസ്.എസ്.എ നിർമ്മിച്ച ഒരു യൂറിനൽ ബ്ലോക്കിനെ ആൺകുട്ടികൾ ആശ്രയിക്കുന്നുണ്ടെങ്കിലും ഇവിടെ വെള്ളമില്ല.
ശങ്ക കലശലായാൽ കുട്ടികൾ സ്കൂൾ പരിസരത്തെ തോടിന് സമീപത്തെ ഏലാ പ്രദേശത്തേക്ക് പോകുന്ന പതിവുണ്ടെന്നും നാട്ടുകാർ പറയുന്നു. പൊതു സ്ഥാപനങ്ങളിലെ ശുചിത്വ നിലവാരം കൂടി പരിഗണിച്ച് ശുചിത്വ മിഷൻ ഒ.ഡി.എഫ് പ്ലസായി പ്രഖ്യാപിച്ച പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് ഈ ഗതികേട്. സാമൂഹിക വിരുദ്ധരാണ് ടോയിലറ്റുകൾ നശിപ്പിക്കുന്നതെന്ന് സ്കൂൾ അധികൃതർ പറയുന്നു. ഇത് സംബന്ധിച്ച് എഴുകോൺ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
സ്കൂൾ മെയിന്റനൻസിന് ജില്ലാ പഞ്ചായത്ത് പത്ത് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ശുചി മുറികൾ ഉപയോഗ യോഗ്യമാക്കാൻ വേണ്ട നടപടികൾ ഉണ്ടാകും.
പ്രിജി ശശിധരൻ
ജില്ലാ പഞ്ചായത്ത് അംഗം
സ്കൂളിലെ ശുചി മുറികളുടെ അവസ്ഥ അടിയന്തര പ്രാധാന്യമുള്ളതാണ്. ഗ്രാമപ്പഞ്ചായത്തിന്റെ നിയന്ത്രണത്തിലല്ല സ്കൂൾ. എങ്കിലും പഞ്ചായത്ത് തലത്തിൽ ആവശ്യമായ ഇടപെടൽ ഉണ്ടാകും.
എ. സുനിതകുമാരി ഗ്രാമപ്പഞ്ചായത്തംഗം.