 
കൊല്ലം: പെരുമൺ പ്രധാന റോഡിൽ എൽ.പി സ്‌കൂളിന് സമീപം യാത്രക്കാരെ കുളിപ്പിച്ച് ജലവിഭവ വകുപ്പിന്റെ ജലധാര. ഇഞ്ചവിള ചിറ്റയം ജലസംഭരണിയിൽ നിന്ന് പെരുമൺ ഭാഗത്തേക്കുള്ള കുടിവെള്ള പൈപ്പാണ് പൊട്ടി ജലധാരയായത്. വഴിയാത്രക്കാരെല്ലാം നനഞ്ഞു കുളിക്കേണ്ട അവസ്ഥ. ഇതോടെ പ്രദേശത്തേയ്ക്കുള്ള കുടിവെള്ള വിതരണവും മുടങ്ങിയിരിക്കുകയാണ്.
ഒഴുക്ക് ശക്തമായതോടെ കഴിഞ്ഞ ദിവസം മുതൽ അഞ്ച് മീറ്ററോളം ഉയരത്തിലാണ് വെള്ളം തെറിച്ചുവീഴുന്നത്. എൻജിനീയറിംഗ്
കോളേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്ക് പോകുന്നവരും മൺറോത്തുരുത്ത്, പേഴുംതുരുത്ത് എന്നിവിടങ്ങളിലേയ്ക്കുള്ള യാത്രക്കാരുമാണ് ഇതിൽ ഏറെ ബുദ്ധിമുട്ടുന്നത്.
പൈപ്പ് പൊട്ടി ഇങ്ങനെ കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞെങ്കിലും അധികൃതർക്ക് അറിഞ്ഞ ഭാവമില്ല. കുടിവെള്ളം പാഴാകുന്ന കാര്യം നിരവധി തവണ വകുപ്പ് അധികൃതരെ അറിയിച്ചിട്ടും നടപടികളൊന്നുമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.