 
പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ മിനി ലോറിയിൽ പിക്കപ്പ് വാൻ ഇടിച്ച് കയറി ലോറിയുടെ ക്ലീനർക്ക് പരിക്കേറ്റു. ഓടനാവട്ടം സന്ധ്യാഭവനിൽ ഉണ്ണി(33)യുടെ കാലിനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 3മണിയോടെ വെള്ളിമലക്ക് സമീപത്തെ തണ്ണിവളവിലായിരുന്നു അപകടം നടന്നത്. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. തെന്മല ഭാഗത്ത് നിന്ന് റബർ ഷീറ്റ് കയറ്റി ഓടനാവട്ടത്തേക്ക് പോയ മിനി ലോറിയിൽ പുനലൂർ ഭാഗത്ത് നിന്ന് തമിഴ്നാട്ടിലേക്ക് റമ്പൂട്ടാൻ കയറ്റിയെത്തിയ പിക്കപ്പ് വാൻ ഇടിച്ച് കയറുകയായിരുന്നുവെന്ന് ക്ലീനർ പറഞ്ഞു. തെന്മല പൊലീസും ഹൈവേ പൊലീസും സ്ഥലത്തെത്തി പിക്കപ്പ് വാൻ കസ്റ്റഡിയിലെടുത്തു.തുടർന്ന് ഗതാഗതം പുനസ്ഥാപിച്ചു.