കൊല്ലം: ഭൂരിപക്ഷം തദേശസ്ഥാപനങ്ങളിലും സാക്ഷരത പ്രവർത്തനം പൂർത്തിയാക്കാത്ത സാഹചര്യത്തിൽ സമ്പൂർണ ഭരണഘടന സാക്ഷരതാ ജില്ലയായി കൊല്ലത്തെ പ്രഖ്യാപിക്കുന്നത് വൈകിയേക്കും.

ആഗസ്റ്റ് 14ന് പ്രഖ്യാപനം നടത്താനായിരുന്നു തീരുമാനം. ഒക്ടോബറിൽ പ്രഖ്യാപനം നടത്താൻ കഴയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലാ പഞ്ചായത്തും കിലയും ചേർന്ന് തയ്യാറാക്കിയ പദ്ധതി അനുസരിച്ച് ജില്ലയിലെ പത്ത് വയസിന് മുകളിൽ പ്രായമുള്ളവരെയെല്ലാം ഭരണഘടനാ സാക്ഷരരാക്കുകയായിരുന്നു ലക്ഷ്യം. ഏഴുലക്ഷത്തിലധികം കുടുംബങ്ങളെ പദ്ധതിയുടെ ഭാഗമാക്കി.

ഒരു വാർഡിൽ 10 - മുതൽ 20 വരെ കുടുംബങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച ക്ലസ്റ്ററുകളിൽ രണ്ടോ മൂന്നോ ക്ലാസുകൾ നൽകണമെന്നാണ് കിലയുടെ നിർദ്ദേശം. അഞ്ച് സെക്ഷനുകളിലായാണ് പഠിതാക്കൾക്ക് അടിസ്ഥാന വിവരങ്ങൾ നൽകുന്നത്. മൊത്തം 4.25 മണിക്കൂറാണ് പഠന സമയം.

പഠന പുരോഗതി അനുസരിച്ച് പഠിതാക്കളുടെ വിശദ വിവരങ്ങൾ കില വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യും. ക്ലാസ് പൂർത്തിയാക്കിയ ശേഷമാണ് ഭരണഘടനയുടെ ആമുഖം പതിപ്പിക്കുന്നത്. കില നിശ്ചയിച്ചിട്ടുള്ള മൂന്ന് തലത്തിലുള്ള പരിശോധനയ്ക്ക് ശേഷമാണ് സമ്പൂർണ ഭരണഘടന സാക്ഷരതാ പ്രഖ്യാപനം.

ചില തദ്ദേശ സ്ഥാപനങ്ങളിൽ പഠന ക്ലാസുകൾ വൈകിയതും മറ്റിടങ്ങളിൽ പഠിതാക്കളെ സംഘടിപ്പിക്കുന്നതിലെ താമസവുമാണ് തടസമായത്. 2000 ത്തിൽ പരം സെനറ്റർമാരാണ് ക്ലാസിന് നേതൃത്വം നൽകുന്നത്.

ഭരണഘടന സാക്ഷരതാ പ്രഖ്യാപനം കൃത്യമായ പരിശോധനയുടെ അടിസ്ഥാനത്തിലാകും. പ്രാഥമിക പരിശോധനയും സൂപ്പർ ചെക്കും ഉണ്ടാകും.


ബിനുൻ വാഹിദ്
സെക്രട്ടറി, കൊല്ലം ജില്ലാ പഞ്ചായത്ത്