tran

കൊല്ലം: ഡീസൽ ക്ഷാമത്തെ തുടർന്ന് ജില്ലയിൽ മുടങ്ങിയത് 90 ഓളം ബസുകൾ. തിരുവനന്തപുരം, ആലപ്പുഴ ഫാസ്റ്റുകൾ ഉൾപ്പടെ നിരവധി ബസുകളുടെ ട്രിപ്പുകൾ വെട്ടികുറയ്ക്കുകയും ചെയ്തു. ഫാസ്റ്റ് പാസഞ്ചർ, വേണാട് ലിമിറ്റഡ് സ്റ്റോപ്പ്, ഓർഡിനറി ബസുകൾ മുടങ്ങിയത് വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാരെ ദുരിതത്തിലാക്കി. ഇന്ന് ഇതിലധികം ബസുകളുടെ സർവീസ് മുടങ്ങുമെന്നാണ് സൂചന.

ബസുകളുടെ മുടക്കം നഗരത്തിലും സമീപ പ്രദേശങ്ങളിലും വലിയ ബുദ്ധിമുട്ടുണ്ടാക്കിയില്ലെങ്കിലും കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിച്ചു കഴിയുന്ന കിഴക്കൻ മേഖലയിലുള്ളവർക്ക് ദുരിതമാണ് നൽകിയത്. പ്ലസ് വൺ അഡ്മിഷൻ ആരംഭിച്ച ദിവസം കൂടിയായതിനാൽ വിദ്യാർത്ഥികളുടെ ബാഹുല്യമായിരുന്നു.

കൊട്ടാരക്കരയിൽ മാത്രം 30 ലധികം ബസുകളാണ് മുടങ്ങിയത്. 5 മുതൽ 10 മിനിട്ട് ഇടവേളകളിൽ കൊല്ലം നഗരത്തിലേക്ക് നടത്തിയിരുന്ന സർവീസുകൾ പോലും കൃത്യമായി നടത്താൻ അധികൃതർക്കായില്ല. മുക്കാൽ മണിക്കൂറോളം നഗരത്തിലേക്കുള്ള ബസ് കാത്തുനിന്നിട്ടും ലഭിക്കാതിരുന്നതിനെ തുടർന്ന് വിദ്യാർത്ഥികളും യാത്രക്കാരും കൊട്ടാരക്കര ഡിപ്പോയിൽ പ്രതിഷേധിച്ചതിനെ തുടർന്നാണ് സർവീസ് നടത്തിയത്.

ബസുകൾ മുടങ്ങിയത് കൂടാതെ പ്രതിദിനം 400 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ ട്രിപ്പുകളും വെട്ടിക്കുറച്ചു. സമീപ ജില്ലകളിലേക്ക് സർവീസ് നടത്തുന്ന ഇവ ഇന്നലെ 200 മുതൽ 300 കിലോമീറ്റർ വരെ മാത്രമാണ് സർവീസ് നടത്തിയത്.

ആസൂത്രിതമെന്ന്

യൂണിയനുകൾ

കൃത്രിമ ഡീസൽ ക്ഷാമം സൃഷ്ടിച്ച് കെ.എസ്.ആർ.ടി.സിയെ തകർക്കാനുള്ള ഗൂഢനീക്കമാണ് ഉദ്യോഗസ്ഥതലത്തിൽ നടക്കുന്നതെന്നും തങ്ങളാണ് ഇതിന് പിന്നിലെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും ജീവനക്കാർ ആരോപിച്ചു. ഇതിനേക്കാൾ വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്ന സമയത്തുപോലും ഇത്തരത്തിൽ സർവീസുകൾ മുടങ്ങിയിരുന്നില്ല. നൽകേണ്ട വേതനം പോലും 55 ദിവസങ്ങൾക്ക് ശേഷമാണ് വിതരണം ചെയ്തത്. സംസ്ഥാന സർക്കാർ അനുവദിച്ച തുക പോലും ചെലവഴിക്കാതെ കെ.എസ്.ആർ.ടി.സിയെ തകർക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നും ഭരണാനുകൂല യൂണിയനുകൾ ഉൾപ്പെടെയുള്ളവർ ആരോപിക്കുന്നു.

ജില്ലയിൽ ആകെ സർവീസുകൾ: 442

ഇന്നലെ മുടങ്ങിയത്

കൊട്ടാരക്കര: 37

ചടയമംഗലം: 23

ചാത്തന്നൂർ: 17

കൊല്ലം: 08

കരുനാഗപ്പള്ളി: 04

ആര്യങ്കാവ്: 04