ചാത്തന്നൂർ: ഐക്യമലയാള പ്രസ്ഥാനം ചാത്തന്നൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാറും 'മടക്കം' എന്ന ഹ്രസ്വചിത്ര പ്രദർശനവും കല്ലുവാതുക്കൽ സമുദ്രതീരം വയോജന കേന്ദ്രത്തിൽ നടന്നു. പരവൂർ നഗരസഭാദ്ധ്യക്ഷ പി.ശ്രീജ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐക്യമലയാള പ്രസ്ഥാനം ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് ജി.ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. കവി ബാബു പാക്കനാർ മുഖ്യ പ്രഭാഷണം നടത്തി. മാമ്പള്ളി ജി.ആർ.രഘുനാഥൻ, വേണു കിഴക്കനേല, പ്ലാക്കാട് ശ്രീകുമാർ, രാജു കൃഷ്ണൻ, റൂവൽ സിംഗ്, ശശിധരൻ പിള്ള എന്നിവർ സംസാരിച്ചു.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് സാമൂഹിക നീതി വകുപ്പ് ചേർന്നൊരുക്കിയ 'മടക്കം' കുട്ടികളിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ സന്ദേശം നല്കുന്ന ചിത്രമാണ്. സി.വി. ഏംഗൽസാണ് കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ചത്. ഷോർട്ട് ഫിലിം മേക്കേഴ്സ് ആൻഡ് ആർട്ടിസ്റ്റ് അസോസിയേഷന്റെ മികച്ച സംവിധാനത്തിനുള്ള ചിത്രമായും 'മടക്കം' തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
സി.വി.ഏംഗൽസിനേയും നായികയായി വേഷമിട്ട കസ്തൂർബാ ഏംഗൽസ് , ഭാരത് സേവക് സമാജം അവാർഡ് നേടിയ വേണു സി. കിഴക്കനേല, പരവൂർ നഗരസഭ അദ്ധ്യക്ഷ പി.ശ്രീജ എന്നിവരെ സമ്മേളനം ആദരിച്ചു.