nini
ലൈഫ് പദ്ധതി വഴി കോർപ്പറേഷൻ നിർമ്മിച്ചു നൽകിയ വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും താക്കോൽദാനവും മന്ത്രി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: എല്ലാവർക്കും വീടൊരുക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ. ലൈഫ് പദ്ധതി വഴി കോർപ്പറേഷൻ നിർമ്മിച്ചു നൽകിയ 1087 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും താക്കോൽദാനവും സി. കേശവൻ സ്മാരക ടൗൺഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ആറു ലക്ഷം പേർക്ക് കൂടി ഇനി വീടൊരുക്കണം. അതിൽ മൂന്ന് ലക്ഷം പേർ ഭൂരഹിതരാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈ എടുക്കുന്നതിലൂടെ ഈ ലക്ഷ്യം നാലുവർഷത്തിനകം പൂർത്തിയാക്കാൻ കഴിയും. ഭൂമിയില്ലാത്തവർക്ക് അതു നൽകാനായി മനസ്സോടെ ഇത്തിരി മണ്ണ് ക്യാമ്പയിൻ കഴിയുന്നവരെല്ലാം ഏറ്റെടുക്കണം.

മാലിന്യ സംസ്കരണത്തിൽ കൊല്ലം കോർപ്പറേഷൻ കേരളത്തിന് മാതൃകയാണ്. കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ മാലിന്യ സംസ്കരണം നേരിട്ട് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

10 ലക്ഷം കോടിയോളം രൂപയുടെ ആഭ്യന്തര വരുമാന നേട്ടമാണ് കേരളത്തിന് അവകാശപ്പെടാവുന്നതെന്ന് അദ്ധ്യക്ഷനായ ധന മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ആളോഹരി വരുമാനത്തിലും ഇന്ത്യൻ ശരാശരിയെക്കാൾ ഏറെ മുന്നിലാണ് കേരളം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി ജെ.ചിഞ്ചു റാണി, എം എൽ എ മാരായ എം.നൗഷാദ്, ഡോ. സുജിത് വിജയൻ പിള്ള, മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ കലക്ടർ അഫ്സാന പർവീൺ, ഡെപ്യുട്ടി മേയർ കൊല്ലം മധു തുടങ്ങിയവർ പങ്കെടുത്തു. ഭൂമിയുടെ ആധാരം കൈമാറൽ, ജീവൻ ദീപം ആനുകൂല്യ വിതരണം, പി.എം.ഇ. ജി. പി. വായ്പ അനുമതിപത്ര വിതരണം എന്നിവ മന്ത്രിമാർ നിർവഹിച്ചു. കോർപ്പറേഷന് അങ്കണവാടി നിർമ്മിക്കാൻ

ഭൂമി വിട്ടു നൽകുന്നതിന്റെ സമ്മതപത്രം അബ്ദുൽ റഹിം മേയർക്ക് കൈമാറി.