കൊല്ലം: എക്സൈസ് വകുപ്പിന്റെ അംഗബലം വർദ്ധിപ്പിച്ച് ആധുനിക സൗകര്യങ്ങൾ ഒരുക്കി സേനയെ നവീകരിക്കണമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ.

അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ. രാജു അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കെ. രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സന്തോഷ് വർഗീസ് സ്വാഗതം പറഞ്ഞു. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ സംഘടനാ അംഗങ്ങളുടെ മക്കൾക്കും എം.ബി.എസ് പഠനം പൂർത്തിയാക്കിയ ജീവനക്കാരുടെ മക്കളെയും വകുപ്പുതല പരീക്ഷയ്ക്ക് ജീവനക്കാരെ സജ്ജരാക്കിയ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഹച്ച്.എസ്. ഹരീഷിനെയും ആദരിച്ചു.

ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ബി.സുരേഷ്, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ വി.റോബർട്ട്, അസോസിയേഷൻ സംസ്ഥാന സെക്രട്ടറിമാരായ പി.ഡി. പ്രസാദ്, ടി. സജുകുമാർ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ എസ്.ആർ. ഷെറിൻ രാജ്, എം.എസ്. ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു. ചവറ കേന്ദ്രമാക്കി തീരദേശ എക്സൈസ് ഓഫീസ് അനുവദിക്കണമെന്നും വിമുക്തി പ്രവർത്തനങ്ങൾക്കായി എല്ലാ സ്കൂളിലും പ്രിവന്റീവ് ഓഫീസർ തസ്തിക അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ഭാരവാഹികളായി എ.രാജു (പ്രസിഡന്റ്), എ. സബീർ (വൈസ് പ്രസിഡന്റ്), സന്തോഷ് വർഗീസ് (സെക്രട്ടറി), ഡി. അജീഷ് (ജോ. സെക്രട്ടറി), അജിത്ത് കുമാർ (ട്രഷറർ) എന്നിവരെയും ടി. സജുകുമാർ, എസ്.ആർ. ഷെറിൻരാജ്, എം.എസ്. ഗിരീഷ് എന്നിവരെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായും എതിരില്ലാതെ തിരഞ്ഞെടുത്തു.