കരുനാഗപ്പള്ളി: ഇന്നലെ ഉണ്ടായ ഡീസൽ ക്ഷാമത്തെ തുടർന്ന് കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്ററിൽ ബസ് സർവീസുകൾ മുടങ്ങി. രാവിലെ യാത്രക്കെത്തിയവർ ബസില്ലെന്നറിഞ്ഞതോടെ റെയിൽവേ സ്റ്റേഷനിലേക്ക് പാഞ്ഞു. പലരും ട്രെയിൻ കിട്ടാതെ വീട്ടിലേക്ക് മടങ്ങി. ദൂരെ സ്ഥലങ്ങളിലേക്ക് ജോലിക്ക് പോകേണ്ടവ‌ർക്കാണ് ബസ് സർവീസുകൾ മുടങ്ങിയതിനാൽ തിരികെ പോകേണ്ടി വന്നത്. ഏറ്റവും കൂടുതൽ വലഞ്ഞത് പി.എസ്.സി പരീക്ഷക്ക് പോകേണ്ട ഉദ്യോഗാർത്ഥികളായിരുന്നു. രാവിലെ എത്തിയ ഉദ്യോഗാർത്ഥികൾ ബസ് സർവീസ് മുടങ്ങിയതറിഞ്ഞ് ആശങ്കയിലായി. അടുത്തുള്ള പരീക്ഷാ സെന്ററിൽ പോകേണ്ടവർ സംഘം ചേർന്ന് ഓട്ടോ റിക്ഷകളിലും കാറുകളിലും കയറി പോയി.

ഉദ്യോഗസ്ഥരുടെ അനാസ്ഥ

കരുനാഗപ്പള്ളിയിൽ ഡീസൽ തീർന്ന വിവരം ഉദ്യോഗസ്ഥർ മുൻകൂട്ടി ഓപ്പറേറ്റിംഗ് സെന്ററിൽ നിന്ന് ഉയർന്ന ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാൽ ബദൽ സംവിധാനം ഒരുക്കാനുള്ള ഒരു നടപടികളും ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല. 63 ബസുകളാണ് കരുനാഗപ്പള്ളി ഓപ്പറേറ്റിംഗ് സെന്ററിൽ നിന്ന് സർവീസ് നടത്തുന്നത്. ഇന്നലെ 35 ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. സർവീ സ് നടത്തിയ ബസുകൾ തന്നെ സ്വകാര്യ പമ്പിൽ നിന്നാണ് എണ്ണയടിച്ചത്..

ചൊവ്വാഴ്ച എണ്ണയെത്തും

ഇന്നും സർവീസുകൾ മുടങ്ങാനാണ് സാദ്ധ്യത. ചേർത്തല, ചടയമംഗലം എന്നീ യാത്രാ ഫ്യൂവൽസിൽ നിന്നാണ് കരുനാഗപ്പള്ളിയിലേക്ക് ഡീസൽ നൽകുന്നത്. കെ.എസ്.ആർ.ടി.സിയുടെ എണ്ണ വിതരണ വിഭാഗമാണ് യാത്രാ ഫ്യൂവൽസ്. കെ.എസ്.ആർ.ടി.സി സെൻട്രൽ ഡിപ്പോ അധികൃതർ യാത്രാ ഫ്യൂവൽസിൽ പണം അടയ്ക്കുന്ന മുറക്കാണ് ഓരോ ഓപ്പറേറ്റിംഗ് സെന്ററിലേക്കും ടാങ്കർ ലോറികളിൽ എണ്ണ നൽകുന്നത്. കരുനാഗപ്പള്ളിയിൽ ചൊവ്വാഴ്ച മാത്രമേ എണ്ണ എത്താൻ സാദ്ധ്യതയുള്ളുവെന്നാണ് വിവരം.