
# കഴിഞ്ഞ ദിവസം കടിയേറ്റത് പത്തോളം പേർക്ക്
കൊല്ലം: നഗരത്തിൽ ഭീതിയായി തെരുവുനായ് ആക്രമണം. ആശ്രാമത്തെ സ്വകാര്യ സ്കാനിംഗ് സെന്ററിന് സമീപവും തോപ്പിൽക്കടവ് ഭാഗത്തുമായി പത്തോളം പേർക്കാണ് കഴിഞ്ഞ ദിവസം തെരുവുനായ് സംഘത്തിന്റെ കടിയേറ്റത്. ഇവരിൽ പലരുടെയും പരിക്ക് ഗുരുതരമല്ലെങ്കിലും തെരുവു നായ്ക്കളുടെ തുടരെയുള്ള ആക്രമണം നഗരവാസികളെ ഭീതിയിലാക്കുന്നുണ്ട്.
സ്‌കൂൾ വിദ്യാർത്ഥികളിൽ അധികവും സൈക്കിളിൽ യാത്രചെയ്യുന്നവരായതിനാൽ ചെറുതല്ലാത്ത ഭീഷണി ഇവരും നേരിടുന്നുണ്ട്. നായ്ക്കളെ കണ്ട് ഭയപ്പെട്ട് വേഗത്തിൽ സൈക്കിൾ ചവിട്ടുന്നവർക്കൊപ്പം ഓടിയെത്തി കുരച്ചുചാടുന്നതും
ഭയന്ന് സൈക്കിളിൽ നിന്ന് വീഴുന്നവരുടെ എണ്ണവും കുറവല്ല.
രാത്രിയായാൽ നഗരത്തിലെ റോഡുകൾ ഭരിക്കുന്നത് തെരുവ് നായ്ക്കളാണ്. ഒറ്റപ്പെട്ട് വരുന്ന കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കൊപ്പം ശൗര്യത്തോടെ ഓടിയെത്തുകയും ടയറുകളിലും മറ്റും കടിച്ച് കേടുപാടുണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഇരുചക്രവാഹനങ്ങളാണെങ്കിൽ അപകടം ഉറപ്പാണ്. പെട്ടെന്നുള്ള കുരയും ഓടിയെത്തുന്നതും കാണുമ്പോൾ പതറി വാഹനത്തിന്റെ നിയന്ത്രണം വിടുകയാണ് പതിവ്. മതിലിന് മുകളിൽ കയറി നിന്ന് വാഹനങ്ങളെത്തുമ്പോൾ റോഡിലേക്ക് കുരച്ചുകൊണ്ട് എടുത്തു ചാടുന്നതും നഗരത്തിൽ പതിവാണ്.
പാളുന്ന എ.ബി.സി പദ്ധതി
നായകളെ വന്ധ്യംകരണ പദ്ധതികളിൽ കോർപ്പറേഷൻ വേണ്ടത്ര താത്പര്യം കാണിക്കാത്തതാണ് നഗരത്തിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതിന്റെ പ്രധാനകാരണം. ഇവ തമ്പടിക്കുന്ന പലയിടങ്ങളിലും നിരവധി നായ കുഞ്ഞുങ്ങളെ കാണുന്നത് കോർപ്പറേഷന്റെ കെടുകാര്യസ്ഥതയുടെ ഉദാഹരണമാണ്. കുരീപ്പുഴയിൽ പ്രത്യേകം സ്ഥലം കണ്ടെത്തി വന്ധ്യംകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന പ്രഖ്യാപനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അതേസമയം, വന്ധ്യംകരണം നടത്തി തിരികെ വിട്ട പെൺനായ നാലോളം കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ സംഭവവും നഗരത്തിൽ അടുത്തിടെയുണ്ടായി. പൊതു ഖജനാവിൽ നിന്ന് പണം ചെലവഴിച്ച് ആരെയോ ബോധിപ്പിക്കാൻ വേണ്ടി മാത്രം നടത്തുന്ന ഒന്നായി എ.ബി.സി (മൃഗങ്ങളുടെ ജനന നിയന്ത്രണം) പദ്ധതി മാറിയതായിട്ടാണ് നഗരവാസികളുടെ ആക്ഷേപം.