ambulance
ഓടതെ കിടക്കുന്ന പിറവന്തൂർ ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ്

പത്തനാപുരം : പിറവന്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സ്വന്തം ആംബുലൻസുണ്ട്. കൊവിഡ് കാലത്ത് ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിയത്. പക്ഷേ ആ‌ർക്കും ഉപകാരപ്പെടാതെ കട്ടപ്പുറത്താണെന്ന് മാത്രം. കൊവിഡ് പരിശോധന, ഓക്സിജൻ എയർകണ്ടീഷൻ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളടങ്ങിയ ആബുലൻസാണ് കിടന്ന് നശിക്കുന്നത്.

ശമ്പളം കൊടുക്കാൻഫണ്ടില്ല

പിറവന്തൂർ പഞ്ചായത്തിൽ കിഴക്കൻ മലയോര പ്രദേശത്ത് മിക്ക സ്ഥലങ്ങളിലും അത്യാവശ്യ ഘട്ടങ്ങളിൽ വിളിച്ചാൽ വാടക വാഹനം പോലും എത്താത്ത സ്ഥിതിയാണ്. പത്തനാപുരം മണ്ഡലത്തിൽ അത്യാവശ്യ ഘട്ടത്തിൽ രോഗികൾക്ക് ഉപയോഗിക്കാനാണ് കെ.ബി.ഗണേശ് കുമാറിന്റെ ആസ്തിവികസ ഫണ്ടുപയോഗിച്ച് ആംബുലൻസ് വാങ്ങിയത്. പിറവന്തൂർ പഞ്ചായത്തിനായിരുന്നു ചുമതല. എന്നാൽ വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്യാനും ഡ്രൈവർക്ക് ശമ്പളം കൊടുക്കാനും ഫണ്ടില്ലാത്തതിനാൽ വാഹനം അനക്കുന്നില്ല. അങ്ങനെ ആംബുലൻസ് പൊതുജനങ്ങൾക്ക് ഉപയോഗമില്ലാതായി. ആംബുലൻസ് ഉള്ളപ്പോഴും പാലിയേറ്റീവ് ആവശ്യത്തിന് വാടകയ്ക്ക് ടാക്സി വാഹനമാണ് ഉപയോഗിക്കുന്നത് .

ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിയ ആംബുലൻസ് നശിക്കാതെ ജനങ്ങൾക്ക് ഉപയോഗപ്രദമാക്കണം.

ആർ.രജികുമാർ ( അനി കൊച്ച്)

പൊതുപ്രവർത്തകൻ .