car-steering-photo

മനുഷ്യ ഇടപെടലുകളില്ലാതെ,​ സ്വയംഭരണാധികാരമുള്ള ലെവൽ ഫോർ കഴിവുകളുള്ള 300 ഓളം ഡ്രൈവറില്ലാ കാറുകൾ ഷാങ്ഹായ്, ബെയ്ജിംഗ് ഉൾപ്പെടെ പ്രധാന ചൈനീസ് നഗരങ്ങളിൽ ഇപ്പോൾ ഓടുന്നുണ്ട്.

ഏറ്റവും പുതിയ മോഡൽ ആർ.ടി 6ന് മനുഷ്യഇടപെടൽ ആവശ്യമേ ഇല്ല. ഇതിൽ 8 ലെഡാറുകളും 12 കാമറുകളുമുണ്ട്. ചൈനയിലെ ബെയ്ജിംഗ് ആസ്ഥാനമായുള്ള മൾട്ടിനാഷണൽ ടെക്നോളജി കമ്പനിയായ ബൈഡുവാണ് ഈ ഡ്രൈവറില്ലാ കാറുകൾ പുറത്തിറക്കിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് കമ്പനികളിലൊന്നാണിത്.

സങ്കീർണമായ പ്രപഞ്ച പ്രശ്നങ്ങൾ പരിഹരിക്കാൻ കൃത്രിമ ബുദ്ധി ഉപയോഗിക്കുന്നതിലും മുന്നിൽ തന്നെ ഈ കമ്പനി. സ്റ്റിയറിംഗ് വീൽ ഇല്ലാത്ത ഈ റോബോടാക്സിയിൽ സഞ്ചരിക്കാൻ സാധാരണ ടാക്‌സി ചാർജിന്റെ പകുതി കാശ് മതിയാകും എന്നാണ് ബൈഡുവിന്റെ സഹസ്ഥാപകനായ റോബിൻലിയുടെ അഭിപ്രായം. ഈ കാറുകളിൽ സ്റ്റിയറിംഗ് ഇല്ലാത്തതുകൊണ്ട് കാബിൻ ഇഷ്ടാനുസൃതമാക്കി,​ കൂടുതൽ ലഗേജ് റൂമിനുള്ള ഇടം കണ്ടെത്താം. മികച്ച പ്രവർത്തനക്ഷമതയുള്ള ഈ കാറുകൾ ചൈനയിൽ 2023 ൽ റോഡ് നിറയെ കാണും. പെഡലുകളും സ്റ്റിയറിംഗ് വീലും ഇല്ലാത്ത റോബോടാക്സി 2024 ൽ വൻതോതിൽ നിർമ്മിച്ചിറക്കുമെന്നാണ് ടെസ്റ്റാ കമ്പനി ഉടമസ്ഥനായ എലോൺ മസ്ക് പറയുന്നത്. യു.എസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്ടി അഡ്മിനിസ്ട്രേഷൻ മാർച്ചിൽ പുതിയ ഗതാഗതനിയമവും പുറത്തിറക്കി. യാത്രക്കാർക്ക് ഉയർന്ന തലത്തിലുള്ള സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ടും ശക്തമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും മനുഷ്യനിയന്ത്രണമില്ലാതെ സ്വയംഭരണ വാഹനങ്ങൾ നിർമ്മിക്കാനും വിന്യസിക്കാനും കമ്പനികളെ അനുവദിക്കുന്ന വിധി.

സ്വന്തം സാങ്കേതികവിദ്യ

ഡ്രൈവറില്ലാ വാഹനങ്ങളുടെ ഉപയോഗം യാഥാർത്ഥ്യമാക്കാൻ പരിശ്രമിക്കുന്ന നിരവധി കമ്പനികളിലൊന്നാണ് ചൈനയിലെ ബൈഡോ. കമ്പനി സ്വയം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയും ചെലവ് കുറഞ്ഞ സെൻസറുകളും ഇതിന്റെ ഉല്പാദനച്ചെലവ് കുറയ്ക്കുന്നു. അതുകൊണ്ട് റോബോ ടാക്സി സവാരിക്ക് ബസ് ടിക്കറ്റിനേക്കാളും ചാർജ് കുറവായിരിക്കും. ഇരുപത് വർഷത്തിലേറെ പരിചയമുള്ള ഒരു വിദഗ്ദ്ധനായ മനുഷ്യ ഡ്രൈവറെക്കാൾ കഴിവുള്ളവരായിരിക്കും ഈ റോബോ ടാക്സി നിയന്ത്രിക്കുന്നത്.

കേരളത്തിൽ എന്നുവരും?

താറുമാറായ ഇന്ത്യൻ റോഡുകളിൽ സ്വയം ഡ്രൈവിംഗ് കാറുകൾ ഓടിക്കുക എന്നത് സഹാറ മരുഭൂമിയിൽ ജലവൈദ്യുതി നിലയം സ്ഥാപിക്കുന്നതുപോലെയാണെന്നാണ് വിദഗ്ദ്ധാഭിപ്രായം. ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാന സർക്കാർ 'ഓൺലൈൻ' ടാക്സി സർവീസ് ആരംഭിക്കുന്നത് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലാണ്. മിതമായ നിരക്കിൽ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും മറ്റുള്ളവർക്കും സുരക്ഷിതമായി യാത്ര ഉറപ്പുവരുത്തുവാൻ 'കേരളസവാരി' ആപ്പ് റെഡിയാണിപ്പോൾ. കാറിൽ വച്ച് ആരെങ്കിലും എന്തെങ്കിലും വേണ്ടാതീനം കാണിച്ചാൽ, ഈ ആപ്പിലെ 'പാനിക് ബട്ടൺ' ഞെക്കിയാൽ മതിയത്രെ!. ഈ 'കേരളസവാരി' നടത്താൻ ചൈനാക്കാരുടെയോ ടെസ്‌ലാക മ്പനിയുടെയോ റോബോ ടാക്സി ഉപയോഗിച്ചിരുന്നുവെങ്കിൽ, എന്ന് വെറുതെ മോഹിക്കാൻ മോഹം.

ഡോ. പ്രൊഫ. വിവേകാനന്ദൻ പി. കടവൂർ