
കൊല്ലം: അഴിമതി, സ്വജനപക്ഷപാതം, വർഗീയത എന്നിവ കൊടികുത്തിവാഴുന്ന കേരളത്തിൽ പിണറായി സർക്കാർ മതമൗലികവാദികൾക്ക് മുന്നിൽ മുട്ടിലിഴയുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. കൊല്ലത്ത് നടന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ കളക്ടറാക്കിയ ശേഷം ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയത് ഇത്തരം പ്രീണനങ്ങളുടെ ഭാഗമാണ്. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട ശേഷം അത് പിൻവലിച്ചതിന് പിന്നിലും ഇതേ പ്രീണന നയമാണ്.
തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മനാടായ തുഞ്ചൻ പറമ്പിൽ സ്ഥാപിക്കാൻ സർക്കാർ തയ്യാറാവാത്തതിന്റെ കാരണവും മറ്റൊന്നല്ല. സർക്കാർ തയ്യാറായില്ലെങ്കിൽ എഴുത്തച്ഛന്റെ പ്രതിമ അടുത്ത കർക്കടകത്തിന് മുമ്പ് ബി.ജെ.പി സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അട്ടപ്പാടി മധു വധക്കേസ് അട്ടിമറിക്കാനുള്ള നീക്കം ബി.ജെ.പി എതിർക്കും. കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ പാർട്ടി നിശ്ചയിച്ച സംഘം കേന്ദ്ര പട്ടികവർഗ മന്ത്റിക്ക് പരാതി നൽകി. ഇതിന്റെ ഭാഗമായി കേന്ദ്ര സംഘം സംസ്ഥാനത്തെത്തും.
പ്രധാനമന്ത്റിയുടെ ആഹ്വാനം അനുസരിച്ച് ദേശീയ പതാക ഉയർത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണ്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് അവർക്ക് സദ്ബുദ്ധി തോന്നിക്കുന്നത്. ആഗസ്റ്റ് 15 കരിദിനമായി ആചരിച്ചവരുടെ മാറ്റം ദേശീയതയുടെ വിജയമാണ്. വികസന പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കാൻ പാർലമെന്റ് തടസപ്പെടുത്തുന്ന സമീപനം ഇടതുപക്ഷ പാർട്ടികൾ ഉപേക്ഷിക്കണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
പിണറായി വിജയൻ കേരളം കണ്ട ഏറ്റവും മോശം മുഖ്യമന്ത്റിയാണെന്നും രാഷ്ട്രീയ മാറ്റം ഉടൻ സാദ്ധ്യമാകുമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് കേരളത്തിന്റെ സംഘടനാ ചുമതല വഹിക്കുന്ന മുൻ പാർലമെന്റ് അംഗം സി.പി. രാധാകൃഷ്ണൻ പറഞ്ഞു. മുതിർന്ന നേതാവ് ഒ. രാജഗോപാൽ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, എം.ടി. രമേശ്, പി. സുധീർ എന്നിവർ സംസാരിച്ചു.