കൊല്ലം: തെരുവ് നായ്ക്കളുടെ കടിയേറ്റ് നിരവധി പേർ ചികിത്സ തേടുന്ന സാഹചര്യത്തിൽ ജില്ലയിലെ പേപ്പട്ടി വിഷബാധയ്ക്കെതിരായുള്ള ആന്റി റാബിസ് ഇൻജക്ഷൻ ദൗർലഭ്യം അടിയന്തരമായി പരിഹരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗംആവശ്യപ്പെട്ടു. ജില്ലാ, താലൂക്ക് ആശുപത്രികളിലടക്കം വാക്‌സിൻ ലഭ്യത ഉറപ്പാക്കണം. തെരുവുനായ്ക്കളുടെ വന്ധ്യംകരണം ഉറപ്പാക്കാൻ കോർപറേഷൻ എ. ബി.സി പദ്ധതി പുനരാരംഭിക്കണം. ജില്ലാ ആശുപത്രിയിലെ പരിമിതികൾക്ക് പരിഹാരം കണ്ടെത്തി ആധുനിക സൗകര്യങ്ങൾ ഉറപ്പാക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ സമിതി ശുപാർശ ചെയ്യും.
ഓണക്കാലത്തെ ലഹരിവസ്തുക്കളുടെ വിൽപ്പന തടയാൻ പൊലീസും എക്‌സൈസും ജാഗ്രതയോടെ കർശന പരിശോധനകൾ നടത്തണം. വാഹന പരിശോധന ശക്തമാക്കണം. ആശ്രമം മൈതാനത്തെ അനധികൃത പാർക്കിംഗ്, ഭക്ഷ്യവസ്തുക്കളിലെ മായം ചേർക്കൽ എന്നിവക്കെതിരെ നടപടി സ്വീകരിക്കും. തഹസിൽദാർ ജാസ്മിൻ ജോർജ്, വികസനസമിതി അംഗങ്ങളായ കെ.രാജു, ഈച്ചം വീട്ടിൽ നിയാസ്, അയത്തിൽ അപ്പുക്കുട്ടൻ, ചന്ദ്രബാബു, സിറാജുദ്ദീൻ, അബ്ദുൽ റഹ്മാൻ, ഇഖ്ബാൽ, എൻ.എസ്.വിജയൻ, രാധാകൃഷ്ണൻ, ശിവപ്രസാദ്, സോമൻ, ആർ.ദേവദാസ് തുടങ്ങിയവർ പങ്കെടുത്തു.