കരുനാഗപ്പള്ളി: സോഷ്യൽ മീഡിയവഴി അപമാനിച്ചെന്ന പേരിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ കൊടും കുറ്റവാളി
അറസ്റ്റിൽ. കൊട്ടാരക്കര ഓടനാവട്ടം തുറവൂർ രാഹുൽ ഭവനത്തിൽ അമ്പാടി എന്ന് വിളിക്കുന്ന രാഹുലാണ് (26) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. ആലപ്പുഴ വള്ളികുന്നം സ്വദേശിയായ 19കാരനെ കൊറിയർ നൽകാനെന്ന പേരിലാണ് കരുനാഗപ്പള്ളിയിൽ വിളിച്ചുവരുത്തിയത്. ആളൊഴിഞ്ഞ പുരയിടത്തിൽ കൊണ്ടുപോയി കത്തികാട്ടി ക്രൂരമായി മർദ്ദിച്ചശേഷം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. മർദ്ദന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങൾ പൊലീസിന്റെ സോഷ്യൽ മീഡിയ മോണിറ്ററിംഗ് സെല്ലിന്റെ ശ്രദ്ധയിൽപ്പെടുകയും ജില്ലാ പൊലീസ് മേധാവിക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
കരുനാഗപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തെന്മലയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഓടനാവട്ടത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകനെ പ്രസംഗവേദിയിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, വ്യാപാരിയെ ആക്രമിച്ച് പണം കവർന്ന കേസ്, തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് ഉൾപ്പെടെ 15 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അലോഷ്യസ് അലക്സാണ്ടർ, ആർ.ശ്രീകുമാർ, ജൂനിയർ എസ്.ഐ ശ്രീലാൽ, എ.എസ്.ഐമാരായ നന്ദകുമാർ, ഷാജിമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.