
കൊല്ലം: ജയശ്രീ ശ്യാംലാൽ രചിച്ച ' രബീന്ദ്രനാഥ് ടാഗോർ വേരുകൾ തേടി ' എന്ന പുസ്തകത്തിന്റെ പ്രകാശനം ശ്രീനാരായണ വനിതാ കോളേജ് മലയാള വിഭാഗത്തിന്റെയും പൂർവ വിദ്യാർത്ഥി സംഘടനയുടെയും സംയുക്താഭിമുഖ്യത്തിൽ കോളേജ് സെമിനാർ ഹാളിൽ നടത്തി.
മുൻ പി.എസ്.സി മെമ്പറും മാദ്ധ്യമ പ്രവർത്തകയുമായ ആർ.പാർവതി ദേവി, പന്മന ശ്രീ ശങ്കരാചാര്യ സർവകലാശാല മലയാള വിഭാഗം പ്രൊഫസർ ഡോ.എ.ഷീലാകുമാരിക്ക് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു.
ശ്രീനാരായണ വനിത കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.സുനിൽകുമാർ അദ്ധ്യക്ഷനായി. കേരള സർവകലാശാല മുൻ ലൈബ്രേറിയൻ ഡോ. ജലജ നരേഷ്, വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ.സി.അനിതാശങ്കർ, നടനും സംവിധായകനുമായ ഇ.എ.രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ഗീത നസീർ, ശ്രീനാരായണ വനിതാ കോളേജ് മലയാള വിഭാഗം മേധാവി ഡോ. വി.എസ്.ലക്ഷ്മി, പ്രൊഫ.എസ്.ജയലക്ഷ്മി, ജയശ്രീ ശ്യാംലാൽ എന്നിവർ സംസാരിച്ചു. ലോകപ്രശസ്ത സാഹിത്യകാരനും ഗീതാഞ്ജലിയുടെ കർത്താവുമായ രബീന്ദ്രനാഥ് ടാഗോറിന്റെ കുടുംബ ചരിത്രം അനാവരണം ചെയ്യുന്നതാണ് പുസ്തകം.