
കൊല്ലം: നാല് പതിറ്രാണ്ട് മുമ്പേ തയ്യാറാക്കിയ ആശ്രാമം- മങ്ങാട് ലിങ്ക് റോഡിന്റെ രൂപരേഖ നഗരാസൂത്രണ വകുപ്പ് വീണ്ടും പരിഷ്കരിക്കുന്നു. പരമാവധി സ്ഥലമേറ്റെടുപ്പ് കുറച്ചും പുതിയ റോഡിന്റെ വശങ്ങളിലെ വികസനം ഉൾപ്പെടുത്തിയുമുള്ള വിശദ രൂപരേഖയാണ് തയ്യാറാക്കുന്നത്.
12 മീറ്റർ വീതിയുള്ള റോഡാണ് ലക്ഷ്യമിടുന്നത്. നിലവിലെ വിവിധ റോഡുകളെ ബന്ധിപ്പിക്കുന്നതിന് പുറമേ കൂടുതൽ ഭൂമി ഏറ്റെടുത്തുമാണ് പുതിയ പാത തെളിക്കുന്നത്. പുതിയ റോഡ് വരുന്നതോടെ കൊല്ലം തിരുമംഗലം പാതയിൽ കടപ്പാക്കട മുതൽ കല്ലുന്താഴം വരെയുള്ള ഭാഗത്തെ തിരക്ക് വലിയ അളവിൽ കുറയുമെന്നാണ് കണക്കുകൂട്ടൽ. ചിന്നക്കട ഭാഗത്ത് നിന്ന് ബൈപ്പാസിലേക്കുള്ള വാഹനങ്ങളും നിലവിലെ മേവറം- ചിന്നക്കട- കാവനാട് പാതയ്ക്ക് പകരം പുതിയ ലിങ്ക് റോഡ് ഉപയോഗിക്കുമെന്നും കണക്കാക്കുന്നു. ടൗൺ പ്ലാനിംഗ് വകുപ്പ് വൈകാതെ രൂപരേഖ നഗരസഭയ്ക്ക് കൈമാറും. തുടർന്ന് നഗരസഭ സർക്കാരിന് കൈമാറി ഭരണാനുമതിക്ക് ശ്രമിക്കും.
ഭൂവുടമകൾ ദുരിതത്തിൽ
ആശ്രാമം- മങ്ങാട് ലിങ്ക് റോഡിന്റെ പേരിൽ നൂറിലേറെ ഭൂവുടമകൾ മൂന്ന് പതിറ്റാണ്ടിലേറെയായി ദുരിതം അനുഭവിക്കുകയാണ്. നാല് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ രൂപരേഖ പ്രകാരം റോഡ് നിർമ്മാണത്തിനായി ഏറ്റെടുക്കുന്ന സ്ഥലങ്ങളിൽ കല്ലിട്ടിരുന്നു. എന്നാൽ, റോഡ് നിർമ്മാണം ചുവപ്പ് നാടയിൽ കുടങ്ങി. ഇതോടെ അലൈൻമെന്റിൽ ഉൾപ്പെട്ട ഭൂമിയുടെ വില ഇടിഞ്ഞു. ഈ ഭൂമി വിൽക്കാനും വാങ്ങാനും കഴിയാത്ത അവസ്ഥയായി. ബാങ്കുകളിൽ പണയമായും സ്വീകരിക്കുന്നില്ല. അലൈൻമെന്റിൽ ഉൾപ്പെട്ട ഭൂമിയിൽ വീട് വയ്ക്കാനും അനുമതിയില്ല. അതുകൊണ്ടുതന്നെ വീട് വയ്ക്കാൻ പണമുണ്ടായിട്ടും അലൈൻമെന്റിൽ ഉൾപ്പെട്ട ഭൂമികളിൽ പലരും താത്ക്കാലിക ഷെഡുകൾ അടിച്ചുകൂട്ടിയാണ് താമസിക്കുന്നത്. റോഡിനായി സ്ഥലം ഏറ്റെടുക്കുമ്പോൾ ലഭിക്കുന്ന നഷ്ടപരിഹാരം വാങ്ങി മറ്റെവിടേക്കെങ്കിലും പോകാൻ ഭൂവുടമകളിൽ പലരും തയ്യാറാണ്. പക്ഷേ, നടപടികൾ വൈകിപ്പിച്ച് സർക്കാർ ഏജൻസികൾ സ്ഥലമേറ്റെടുപ്പിനും തയ്യാറാകുന്നില്ല.