
കരുനാഗപ്പള്ളി: വിരണ്ടോടിയ പോത്ത് ദേശീയപാതയിൽ പരിഭ്രാന്തി സൃഷ്ടിച്ചതോടെ വാഹന ഗതാഗതം അരമണിക്കൂറോളം തടസപ്പെട്ടു. ഇന്നലെ രാവിലെ 7.30 ഓടെ പുത്തൻതെരുവ് ജംഗ്ഷനിൽ നിന്ന് പോത്ത് ദേശീയപാതയിലൂടെ വവ്വാക്കാവ് ഭാഗത്തേക്ക് ഓടി. ഇതോടെ വാഹനങ്ങൾ നാനാഭാഗത്തേക്കും ചിതറി. ഇരുചക്ര വാഹനങ്ങൾക്ക് നേരെ ഓടിയടുത്തതോടെ പലരും ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. തിരുവനന്തപുരം ഭാഗത്തേക്ക് വന്ന സൂപ്പർഫാസ്റ്റ് ബസ് പോത്തിന്റെ ദേഹത്ത് തട്ടിയതോടെ പോത്ത് കൂടുതൽ വിരണ്ട് ദേശീയപാതയിൽ നിലയുറപ്പിച്ചു. ഇതോടെ ഗതാഗതം പൂർണമായും തടസപ്പെട്ടു. ഒടുവിൽ മത്സ്യത്തൊഴിലാളികളായ തഴവ കടത്തൂർ നവാസ്, സിയാദ് എന്നിവർ ചേർന്നാണ് പോത്തിനെ സാഹസികമായി കീഴ്പ്പെടുത്തിയത്. ഇതിനിടെ ഇവർക്ക് സാരമായി പരിക്കേറ്റു. പോത്തിന്റെ ഉടമസ്ഥർ ആരും എത്തിയിട്ടില്ല. വാഹനത്തിൽ കൊണ്ടുപോകും വഴി ലോറിയിൽ നിന്ന് റോഡിൽ വീണതാണെന്ന് കരുതുന്നു.