 
ശാസതാംകോട്ട: സ്കൂൾ കുട്ടികൾക്കായി ശാസ്താംകോട്ടയിൽ തുടങ്ങിയ പാർക്ക് ഓർമ്മയായി. വർഷങ്ങൾക്ക് മുമ്പ് പാർക്ക് ഉദ്ഘാടനത്തിന് സ്ഥാപിച്ച ശിലാഫലകം ഇപ്പോഴു പാർക്കിന്റെ ഒരു മൂലയിൽ ശേഷിക്കുന്നുണ്ട്.
കോളേജ് റോഡിന്റെ തുടക്കത്തിൽ, തടാകതീരത്ത് 1985 ഒക്ടോബറിലാണ് പാർക്ക് ഉദ്ഘാടനം ചെയ്തത്. എം.എൽ.എമാരായിരുന്ന തെന്നല ബാലകൃഷ്ണപിള്ള, കോട്ടക്കുഴി സുകുമാരൻ എന്നിവരാണ് പാർക്ക് ഉദ്ഘാടനം ചെയ്തത്. അന്ന് ജില്ലാ കളക്ടറായിരുന്ന സി.വി ആനന്ദബോസിന്റെ 'ഫയലിൽ നിന്ന് വയലിലേക്ക് ' എന്ന പദ്ധതി പ്രകാരം ശാസ്താംകോട്ട സ്കൂളിലെ കുട്ടികൾക്ക് വേണ്ടിയാണ് പാർക്ക് തുടങ്ങിയത്.
പാർക്കിന് ആവശ്യമായ റവന്യൂ ഭൂമി വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു. പൊലീസിന്റെയും വനംവകുപ്പിന്റെയും സഹകരണത്തോടെ ആരംഭിച്ച പാർക്കിൽ തണൽ മരങ്ങളും ചെടികളും വച്ച് പിടിപ്പിച്ച് , മനോഹരമായ ഇരിപ്പടങ്ങൾ തയ്യാറാക്കി. കുട്ടികൾക്കുള്ള വിനോദ ഉപകരങ്ങൾ സ്ഥാപിച്ചു. പാർക്ക് തുറന്നതോടെ കുട്ടികളെ കൂടാതെ ധാരാളം ആളുകളും എത്തിയിരുന്നു.
ഏറെ നാൾ പാർക്കിന്റെ പ്രവർത്തനം കാര്യക്ഷമമായി നടന്നു. കാവൽക്കാരെ ഉൾപ്പെടെ നിറുത്തിയാണ് പ്രവർത്തനം നടന്നതെങ്കിലും പിന്നീട് അതെല്ലാം ഇല്ലാതായി. ഏറെ നാൾ പാർക്ക് പൂട്ടി ഇട്ടതോടെ സാധനങ്ങൾ നശിച്ചുപോവുകയും സാമൂഹ്യ വിരുദ്ധർ കടത്തിക്കൊണ്ടു പോവുകയും ചെയ്തു.
അന്നത്തെ തണൽ മരങ്ങൾ
പാർക്കിന്റെ സ്ഥലത്ത് ബി.ആർ.സിക്ക് കെട്ടിട്ടം പണിതു. ഇനി എ.ഇ.ഒ ഓഫീസ് പണിയുവാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. അന്ന് നട്ട തണൽ മരങ്ങൾ കൂറ്റൻ വൃക്ഷങ്ങളായി വളർന്ന് നിൽക്കുകയും മറ്റ് ഭാഗങ്ങൾ കാടുകയറിയും കിടക്കുകയാണ് .