പുതിയ ഡി.ഐ പൈപ്പ് സ്ഥാപിച്ചത് അടുത്തിടെ
എഴുകോൺ : എഴുകോണിൽ വീണ്ടും പൈപ്പ് പൊട്ടി. റോഡ് തകർന്നു. പാങ്ങോട് ശിവഗിരി സംസ്ഥാന പാതയിലെ മുക്കണ്ടം ജംഗ്ഷനിലാണ് ഇന്നലെ രാവിലെ എട്ടോടെ കുണ്ടറ ജല പദ്ധതിയിലെ പൈപ്പ് പൊട്ടിയത്.
പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തുന്ന ശബ്ദത്തോടെയായിരുന്നു പൊട്ടൽ. കോളന്നൂർ സംഭരണിയിൽ നിന്ന് പൊരീക്കൽ ടാങ്കിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന കുഴലാണ് തകർന്നത്.
പഴയ പൈപ്പുകൾ മാറ്റി, പക്ഷേ
കോളന്നൂർ എഴുകോൺ മേഖലയിൽ റോഡ് പൂർണമായും തകരുന്ന വിധം പൈപ്പ് പൊട്ടൽ പതിവായതിനെ തുടർന്ന് അടുത്തിടെ പഴയ പൈപ്പുകൾ പൂർണമായും മാറ്റിയിരുന്നു. എ.സി പൈപ്പുകൾ മാറ്റി നിലവാരമുള്ള ഡി.ഐ പൈപ്പുകൾ സ്ഥാപിക്കാനായിരുന്നു പദ്ധതി. എന്നാൽ മുക്കണ്ടം ഭാഗത്ത് പുതിയതിനൊപ്പം പഴയത് കൂട്ടിച്ചേർത്തതായി നാട്ടുകാർ ആക്ഷേപം ഉന്നയിച്ചിരുന്നു. ഈ ഭാഗത്താണ് ഇപ്പോൾ പൈപ്പ് തകർന്നത്.
ഇന്ന് സംഭവ സ്ഥലത്ത് പരിശോധന നടത്തും.കെ. യു. മിനി , എക്സിക്യൂട്ടീവ് എൻജിനീയർ
ജല അതോറിട്ടി, കൊട്ടാരക്കര