 
ചാത്തന്നൂർ: ചാത്തന്നൂർ ജംഗ്ഷനിലും ദേശീയ പാതയോരത്തും തെരുവ് വിളക്കുകൾ മിഴിയടച്ചിട്ട് ആഴ്ചകളായി. സന്ധ്യയായാൽ കാൽനടയാത്രക്കാർ ഇരുട്ടത്തുവേണം പോകാൻ. കൂടാതെ തെരുവ് നായ്ക്കൾ പെറ്റുപെരുകി റോഡ് കൈയടക്കിയിരിക്കുകയാണ്. ഇതിനിടയിലൂടെ വേണം ഇരുട്ടത്ത്
കാൽ നടക്കാരും ടൂവീലർകാരും ലക്ഷ്യത്തിലെത്താൻ. ദേശീയ പാത വികസനമാണ് വെളിച്ചമില്ലായ്മയുടെ കാരണമായി അധികൃതർ പറയുന്ന ന്യായം.
പഞ്ചായത്തിലെ പല കശാപ്പുശാലകൾക്കും ലൈസൻസില്ല. അതിനാൽ അറവുമാലിന്യം റോഡിന്റെ വശങ്ങളിൽ രാത്രിയിൽ വലിച്ചെറിയുന്നത് ഇവിടെ പതിവാണ്. ഇത് തെരുവ് നായ്ക്കൾ പെരുകാൻ കാരണമായി. നായ്ക്കളുടെ വന്ധ്യംകരണ പദ്ധതിയായ എ.ബി.സി പഞ്ചായത്തുകൾ നടപ്പാക്കിയിട്ടും
ഇവറ്റകളുടെ വർദ്ധനയ്ക്ക് ഒരു കുറവും ഉണ്ടായിട്ടില്ല. പാതയോരങ്ങളിലെ കുറ്റിക്കാട്ടിലാണ് അറവുമാലിന്യം തിന്ന് ഇവയുടെ വാസം. കാൽ നടക്കാരും ടൂവീലർകാരും എത്തുമ്പോൾ മുന്നിൽ ചാടിവീണ് ആക്രമിക്കുകയാണ് പതിവ്.
അധികൃതർക്ക് പല പ്രാവശ്യം പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നതാണ് നാട്ടുകാരുടെ പരാതി.