
കൊല്ലം: തപാൽ മേഖലയുടെ സമ്പൂർണ സ്വകാര്യവത്കരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പരിഷ്‌ക്കരണങ്ങൾക്കെതിരെ സമരപരിപാടികൾ സംഘടിപ്പിക്കാൻ എൻ.എഫ്.പി.ഇ, എഫ്.എൻ.പി.ഒ സംഘടനകൾ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തപാൽ ജീവനക്കാർ 10ന് രാജ്യവ്യാപകമായി പണിമുടക്കും. ഇതിന്റെ ഭാഗമായി സ്വകാര്യവത്കരണ വിരുദ്ധ ജനകീയ കൺവെൻഷനുകൾ, പ്രചാരണജാഥകൾ, ഒപ്പ് ശേഖരണം എന്നിവയും നടത്തും. സൂചനാ പണിമുടക്കിനുശേഷം അഖിലേന്ത്യാ വ്യാപകമായി അനിശ്ചിതകാല പണിമുടക്കും നടത്തും. പത്രസമ്മേളനത്തിൽ എൻ.എഫ്.പി.ഇ സംസ്ഥാന പ്രസിഡന്റ് ടി. മാത്യൂസ് മാത്യു, എഫ്.എൻ.പി.ഒ ജില്ലാ ചെയർമാൻ കെ. മോഹനൻ, സെക്രട്ടറി ജി.ആർ. മണിചന്ദ്രകുമാർ, എൻ.എഫ്.പി.ഇ സെക്രട്ടറി എസ്. സുജി, ജി.ഡി.എസ് സെക്രട്ടറി ആർ.സുമേഷ് എന്നിവർ പങ്കെടുത്തു.