
 5 കോടി അടച്ചിട്ട് ഒന്നര വർഷം
കൊല്ലം: ജില്ലാ ആശുപത്രിയിൽ പുതിയ സി.ടി സ്കാൻ സ്ഥാപിക്കാൻ ജില്ലാ പഞ്ചായത്ത് 5 കോടി രൂപ അടച്ച് ഒന്നര വർഷം പിന്നിട്ടിട്ടും തുടർ നടപടികളില്ല. അത്യാഹിതങ്ങളിൽപ്പെട്ടെത്തുന്ന സാധാരണക്കാരാണ് ഇതുമൂലം വലയുന്നത്.
സ്വകാര്യ സ്കാനിംഗ് സെന്ററുകളിലാകട്ടെ ഫീസ് ഇരട്ടിയിലധികമാണ്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണ സമിതി ആധികാരമേറ്റെടുത്ത ശേഷമുള്ള ആദ്യ തീരുമാനമായിരുന്നു ജില്ലാ ആശുപത്രിയിൽ പുതിയ സി.ടി സ്കാനെന്നത്. പത്ത് വർഷത്തിലേറെ പഴക്കമുള്ള നിലവിലെ സ്കാനിംഗ് മെഷീൻ പ്രവർത്തന രഹിതമാണ്. സി.ടി സ്കാൻ സ്ഥാപിക്കാൻ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് പണം കൈമാറിയെങ്കിലും സിവിൽ ജോലികൾക്കായുള്ള ടെണ്ടർ നടപടികൾ വൈകി. മെഷിൻ സ്ഥാപിക്കുന്നതിനുള്ള ഇലക്ട്രിഫിക്കേഷൻ ജോലികൾക്ക് 19 ലക്ഷം രൂപ കൂടി ജില്ലാ പഞ്ചായത്ത് അനുവദിച്ച് തുക പൊതുമരാമത്ത് വകുപ്പിന് കൈമാറിയെങ്കിലും ടെണ്ടർ നടപടികൾ നടന്നുവരുന്നതേയുള്ളു.
പോക്കറ്റടിച്ച് സ്വകാര്യ സെന്ററുകൾ
1. സി.ടി സ്കാൻ തകരാറിലായതോടെ സ്വകാര്യ ലാബുകൾക്ക് ചാകര
2. സ്കാനിംഗിന് കുറിപ്പ് നൽകി പുറത്തേക്ക് അയയ്ക്കുന്നു
3. ഈടാക്കുന്നത് വർദ്ധിച്ച നിരക്കെന്ന് വിമർശനം
4. കൊവിഡ് രോഗികളിലെ സ്കാനിംഗും നടക്കുന്നില്ല
5. ഇത്തരക്കാർക്ക് പുറത്ത് സ്കാനിംഗ് നടത്താനാകില്ല
കെട്ടിപ്പൊങ്ങാതെ കെട്ടിട നിർമ്മാണം
ജില്ലാ ആശുപത്രിക്കായുള്ള കെട്ടിട നിർമ്മാണവും ഇഴയുകയാണ്. ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ച് പുതിയത് നിർമ്മിക്കാൻ 183 കോടിയുടെ പദ്ധതി തയ്യാറായെങ്കിലും നടപടികൾ വൈകുകയാണ്. ഭരണാനുമതി ലഭിച്ചെങ്കിലും സാങ്കേതികാനുമതി വൈകുകയാണ്.
സി.ടി സ്കാൻ സ്ഫാപിക്കാൻ മൂന്നുമാസം കൂടി വേണ്ടിവരുമെന്നാണ് കോർപ്പറേഷനിൽ നിന്ന് ലഭിക്കുന്ന വിവരം. ഒക്ടോബറിൽ പദ്ധതി യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കാം.
സാം.കെ.ഡാനിയേൽ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്