1-

കൊല്ലം: ശുദ്ധജല തടാകങ്ങളുടെ കവാടമായ അഷ്ടമുടി കായലിൽ പ്ളാസ്റ്റിക്കും മാലിന്യവും കുന്നുകൂടിയതോടെ അഷ്ടമുടിയുടെ ജീവൻ പിടയുന്നു. കായൽ സംരക്ഷണത്തിനും ശുചീകരണത്തിനും 'ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി' പദ്ധതിയിൽ കോടികൾ ചെലവാക്കിയിട്ടും ഫലപ്രദമായില്ല.

കൊല്ലം കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത്, അഷ്ടമുടിയുടെ തീരത്തെ വിവിധ ഗ്രാമപഞ്ചായത്തുകൾ എന്നിവർ സംയുക്തമായി നടപ്പാക്കിയ പദ്ധതിയാണ് വെള്ളത്തിൽ മുങ്ങിപ്പോയത്.

ഒരു വർഷം മുമ്പാണ് കൊട്ടിഘോഷിച്ച് ഉദ്‌ഘാടന മാമാങ്കം നടത്തിയത്. ശുചീകരണ പ്രവൃത്തികളെന്ന പേരിൽ എന്തൊക്കെയോ കാട്ടിക്കൂട്ടിയതൊഴിച്ചാൽ മറ്റൊന്നും നടന്നില്ല. ഇപ്പോൾ മാലിന്യ നിക്ഷേപം പതിന്മടങ്ങ് വർദ്ധിച്ചു. കായൽ തുരുത്തുകളിലെ ബോട്ട് പൊളിപ്പുകാർ തെർമോക്കോൾ കൂട്ടിയിട്ട് കത്തിക്കുന്നതും ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ട്. തെർമോക്കോൾ മാലിന്യം കായലിൽ തലങ്ങും വിലങ്ങും ഒഴുകിനടക്കുകയാണ്. പ്ലാസ്റ്റിക്ക് കുപ്പികളും നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിലെ മാലിന്യവും തള്ളുന്നത് കായലിലാണ്.

അഷ്ടമുടിയുടെ സൗന്ദര്യം ആസ്വദിക്കാൻ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ ഗേറ്റ് വേയിൽ എത്തുന്നവർ ആദ്യം കാണുന്നത് മാലിന്യ ശേഖരമാണ്. മഹാകവി കുമാരനാശാന്റെ പുനർജ്ജനി പാർക്കിന്റെ നിർമ്മാണം പുരോഗമിക്കുന്നതും ഈ മാലിന്യ കൂമ്പാരത്തിന് മുന്നിലാണ്. അതിജീവനം ലക്ഷ്യമിട്ട് പദ്ധതി നടപ്പാക്കാനിറങ്ങിയവർ തന്നെ അഷ്ടമുടിയെ നശിപ്പിക്കുന്നുവെന്ന ആരോപണവും ശക്തമാണ്.

രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം

കക്കൂസ് മാലിന്യം വാഹനങ്ങളിൽ ശേഖരിച്ച് തള്ളുന്നതും അഷ്ടമുടിക്കായലിലേക്കാണ്. പൊലീസിന്റെ സാന്നിദ്ധ്യമുണ്ടെങ്കിലും യാതൊരു കൂസലുമില്ലാതെ മാലിന്യം തള്ളുന്നതിന് തടയിടാൻ അവർക്കും കഴിയുന്നില്ല. പുള്ളിക്കട കോളനിക്ക് സമീപത്തുകൂടി ഒഴുകുന്ന മണ്ണാൻ തോട്ടിലൂടെയും ആശ്രാമം ലിങ്ക് റോഡിന് വശങ്ങളിലൂടെയുമാണ് മാലിന്യം തള്ളുന്നത്.

പദ്ധതിക്ക് വീണ്ടും 11 കോടി

ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി പദ്ധതിയിൽ കായൽ ശുചീകരണത്തിന് 11 കോടി രൂപ കൂടി ഗ്രാന്റായി അനുവദിച്ചു. പതിനഞ്ചാം ധനകാര്യ കമ്മിഷൻ കൊല്ലം കോർപ്പറേഷന് നഗരസഞ്ചയ വികസന ഗ്രാന്റായി അനുവദിച്ച 23 കോടിയിലാണ് പദ്ധതിക്കായി തുക വകയിരുത്തിയത്.

ഒഴുകുന്നത് സർവത്ര മാലിന്യം

1. തെർമോക്കോൾ കത്തിച്ച അവശിഷ്ടങ്ങൾ

2. കക്കൂസ്, ആശുപത്രി മാലിന്യം

3. വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് പുറന്തള്ളുന്നവ

4. പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ

5. അറവ്, പൗൾട്രി മാലിന്യം

6. ബോട്ടുകളുടെ ഓയിൽ, ഡീസൽ മാലിന്യം

7. തീരത്തെ വീടുകളിൽ നിന്നുള്ള ഡ്രെയിനേജ്‌ പൈപ്പുകൾ