photo
ദേശീയപാതയിൽ രൂപപ്പെട്ടിരിക്കുന കാലൻ കുഴികൾ

കരുനാഗപ്പള്ളി: ദേശീയപാതയിലെ കുഴികൾ അപകടക്കെണിയാകുന്നു. കരുനാഗപ്പള്ളി മുതൽ നീണ്ടകര വരെയുള്ള ദേശീയപാതയിലാണ് മഴ പെയ്തതിനെത്തുടർന്ന് വ്യാപകമായി കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. കന്നേറ്റി പാലത്തിന് മീതേയുള്ള ടാറിംഗ് ഇളകി മാറിയതാണ് മറ്റൊരു ദുരിതം. കുറ്റിവട്ടം , കുറ്റാമുക്ക് , ഇടപ്പള്ളികോട്ട, ചവറ പാലത്തിന് ഇരുവശങ്ങളിലും പരിമണം തുടങ്ങി ദേശീയരാതയിലെ മിക്ക ഭാഗങ്ങളിലും വലിയ കുഴികളാണ് ഉണ്ടായിരിക്കുന്നത്. കൊറ്റംകുളങ്ങര ഭാഗത്ത് ടാറിംഗ് പാളിയായി ഇളകിത്തുടങ്ങി. ഒരു വർഷത്തിന് മുമ്പ് നവീകരണം നടത്തിയ നീണ്ടകര ഭാഗത്തെ സ്ഥിതിയും മറിച്ചല്ല.

കുഴികളിൽ വീണ് അപകടങ്ങൾ

മഴയ്ക്ക് മുമ്പ് ചെറുതായിരുന്ന കുഴികളാണ് മഴ പെയ്തപ്പോൾ വലിയ കുഴികളായി മാറിയത്. മഴവെള്ളം കെട്ടി നിൽക്കുന്ന കുഴികളിൽപ്പെട്ട് ദിവസവും നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. . ഏറ്റവും കുടൂതൽ അപകടങ്ങളിൽ പെടുന്നത് ഇരുചക്ര വാഹനങ്ങളാണ്. രാത്രിയിലാണ് അപകടങ്ങൾ ഏറെയും സംഭവിക്കുന്നത്. വലിയ വാഹനങ്ങളും കുഴിയിൽ പെട്ട് നിയന്ത്രണം തെറ്റാറുണ്ട്.

ഉദ്യോഗസ്ഥരുടെ അനാസ്ഥ

സമയാസമയങ്ങളിൽ കുഴികൾ അടക്കുന്നതിൽ ബന്ധപ്പെട്ടവർ കാണിച്ച അനാസ്ഥയാണ് ദേശീയപാതയിൽ അപകടങ്ങൾ പെരുകാൻ കാരണമെന്ന് യാത്രക്കാർ പറയുന്നു. ചെറിയ കുഴികൾ രൂപപ്പെടുമ്പോൾ തന്നെ അത് അടയ്ക്കാനുള്ള നടപടിയില്ല. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ദ്രുതഗതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. എന്നാൽ മറുവശത്ത് റോഡിലെ കുഴികൾ അടച്ച് ദേശീയപാത അപകട രഹിതമാക്കുന്നതിനുള്ള നടപടികളൊന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഇല്ല.