 
കൊല്ലം: കൊല്ലം ലിങ്ക് റോഡിന്റെ നാലാംഘട്ട വികസനത്തിന് തടയിടുന്ന കിഫ്ബിയുടെ നിരീക്ഷണത്തെ തള്ളി പൊതുമരാമത്ത് വകുപ്പിന്റെയും കെ.ആർ.എഫ്.ബിയുടെയും സംയുക്ത പരിശോധന സംഘം.
കിഫ്ബിയുടെ നിരീക്ഷണം അടിസ്ഥാനരഹിതമെന്ന് ചൂണ്ടിക്കാട്ടി നിർവഹണഏജൻസിയായ കെ.ആർ.എഫ്.ബി റിപ്പോർട്ട് സമർപ്പിക്കും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എം.മുകേഷ് എം.എൽ.എ മുഖ്യമന്ത്രിക്കും ധനകാര്യ, പൊതുമരാമത്ത് മന്ത്രിമാർക്കും കത്ത് നൽകും.
കിഫ്ബിയുടെ വാദം
ഓലയിൽക്കടവിൽ അഷ്ടമുടിക്കായലിന്റെ നടുവിൽ എത്തിനിൽക്കുകയാണ് ഇപ്പോൾ ആശ്രാമം ലിങ്ക് റോഡ്. നാലാംഘട്ട വികസനമായി തോപ്പിൽക്കടവിലേയ്ക്കുള്ള പാലം തേവള്ളി പാലത്തിന് അടിയിലൂടെ കടന്നുപോകുന്ന തരത്തിലാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.
എന്നാൽ, തേവള്ളി പാലത്തിനടിയിലൂടെ പാലം നിർമ്മിക്കുമ്പോൾ ജലോപരിതലവുമായി 30 സെന്റീമീറ്റർ അകലമേയുള്ളൂ. ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുള്ളതിനാൽ അകലം വർദ്ധിപ്പിക്കണം. രൂപരേഖ പ്രകാരം തേവള്ളി പാലത്തിന്റെ അടിഭാഗവും പുതിയ പാലത്തിന്റെ ഉപരിതലവും തമ്മിൽ അഞ്ചര മീറ്റർ അകലമേയുള്ളു. ജലോപരിതലവും തേവള്ളി പാലവും തമ്മിലുള്ള അകലം വർദ്ധിപ്പിച്ചാൽ പാലങ്ങൾ തമ്മിലുള്ള അകലം കുറയും. ദേശീയപാത ആറുവരിയാകുന്ന സാഹചര്യത്തിൽ ലിങ്ക് റോഡ് തോപ്പിൽക്കടവിലേക്ക് നീട്ടുന്നതിന് പ്രസക്തിയുണ്ടോ എന്ന സംശയവും അവർ ഉന്നയിക്കുന്നുണ്ട്.
കൊല്ലം- തേനി പാത വികസനത്തിന്റെ ഭാഗമായി തേവള്ളി പാലത്തിന്റെ വീതി വർദ്ധിപ്പിക്കുന്നതിന് അടിയിലൂടെയുള്ള പാലം തടസമാകും.
കെ.ആർ.എഫ്.ബിയുടെ മറുവാദം
നിലവിലെ രൂപരേഖ പ്രകാരം പുതിയ പാലവും തേവള്ളി പാലത്തിന്റെ അടിഭാഗവും തമ്മിൽ 5.7 മീറ്റർ ഉയരമുണ്ട്. വാഹനങ്ങൾക്ക് കടന്നുപോകാൻ 5.5 മീറ്റർ ക്ലിയറൻസ് മതി. ജലോപരിതലവുമായുള്ള അകലം വർദ്ധിപ്പിച്ചാലും പ്രശ്നമുണ്ടാകില്ല. ദേശീയപാത ആറുവരിയായാലും നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകില്ല. നഗരഹൃദയത്തിലെ കുരുക്കിന് പരിഹാരം എന്ന നിലയിലാണ് ലിങ്ക് റോഡ് നീട്ടുന്നത്. കൊല്ലം -തേനി പാതയുടെ വികസനം നിലവിലെ രൂപരേഖ പ്രകാരം ബൈപ്പാസിൽ കടവൂരിൽ നിന്നാണ് തുടങ്ങുന്നത്. അതുകൊണ്ട് തേവള്ളി പാലത്തിന്റെ വീതികൂട്ടൽ നിലവിൽ ആലോചനയിലില്ല. ലിങ്ക് റോഡ് തോപ്പിൽക്കടവിലേക്ക് നീട്ടിയില്ലെങ്കിൽ ഓലയിൽക്കടവ് വരെ നീട്ടാൻ മുടക്കിയ നൂറ് കോടി രൂപ വെള്ളത്തിലാകും. ഓലയിൽക്കടവിലെത്തിയത് കൊണ്ട് യാതൊരു പ്രയോജനവുമില്ല. ഹൈസ്കൂൾ ജംഗ്ഷൻ, കളക്ടറേറ്റ് എന്നിവിടങ്ങളിലെ കുരുക്ക് വർദ്ധിക്കുകയേയുള്ളു.
ഉദ്ഘാടനം തുലാസിൽ
മൂന്നാംഘട്ടം തുറന്നുകൊടുക്കുന്നതിനൊപ്പം നാലാംഘട്ടത്തിന്റെ നിർമ്മാണോദ്ഘാടനവും നടത്താനായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെയും എം.എൽ.എയുടെയും ആലോചന. നാലാംഘട്ടത്തിന് കിഫ്ബിയുടെ പാര വന്നതോടെ മൂന്നാംഘട്ടത്തിന്റെ ഉദ്ഘാടനവും പ്രതിസന്ധിയിലായിരിക്കുകയാണ്. നാലാംഘട്ടത്തിന് അനുമതി നൽകാതെ മൂന്നാംഘട്ടത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കില്ലെന്ന് എം. മുകേഷ് എം.എൽ.എ പൊതുമരാമത്ത് വകുപ്പിനെയും കെ.ആർ.എഫ്.ബിയെയും അറിയിച്ചതായും സൂചനയുണ്ട്.