ഓച്ചിറ: സ്വകാര്യ, ഗവൺമെന്റ് സ്കൂളുകൾ ചേരുന്നതാണ് സർക്കാരിന്റെ പൊതു വിദ്യാഭ്യാസ നയമെന്നും സ്വകാര്യ സ്കൂളുകളോട് സർക്കാരിന് ചിറ്റമ്മ നയമില്ലെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സർക്കാർ സ്കൂളുകളോട് ഒരു നയവും മറ്റുള്ളവയോട് മറ്റൊരു നയവുമില്ല. തഴവ മഠത്തിൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപകൻ മഠത്തിൽ വി. വാസുദേവൻ പിള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികളെ സ്കൂളിലെ ചടങ്ങുകൾക്കല്ലാതെ മറ്റൊരു പരിപാടിക്കും വിടരുതെന്നും പല സംഘടനകളും സ്കൂൾ സമയത്ത് കുട്ടികളെ വിളിച്ചുകൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിശിഷ്ഠാതിഥികളെ സ്വീകരിക്കാൻ കുട്ടികളെ ഉപയോഗിച്ച് താലപ്പൊലി എടുപ്പിക്കേണ്ടെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. എല്ലാ സ്കൂളുകളിലും പി.ടി.എ ശക്തമായി സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മഠത്തിൽ വാസുദേവൻപിള്ള സ്മാരക പുരസ്കാരം ഗോപിനാഥ് മുതുകാടിന്
മന്ത്രി നൽകി. സി.ആർ .മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ..സി. രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. പൂർവ വിദ്യാർത്ഥി പ്രതിനിധി ഉണ്ണി കുശസ്ഥലി പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. ഡോ.സുജിത് വിജയൻപിള്ള എം.എൽ.എ വിദ്യാഭ്യാസ മെരിറ്റ് അവാർഡുകൾ വിതരണം ചെയ്യും. സ്കൂൾ മാനേജർ എൽ. ചന്ദ്രമണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. സദാശിവൻ, ജില്ലാ പഞ്ചായത്തംഗം ഗേളീഷണ്മുഖൻ, ബി.ബിജു, ബ്ലോക്ക് പഞ്ചായത്തംഗം എസ്. ശ്രീലത, പി.ടി.എ പ്രസിഡന്റ് ബിജു പാഞ്ചജന്യം, മുൻ ഗ്രാമപഞ്ചായത്തംഗം സലിം അമ്പീത്തറ, പി.ബി.സത്യദേവൻ, അനൂപ് രവി തുടങ്ങിയവർ സംസാരിച്ചു. എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഷീജ പി.ജോർജ്ജ് സ്വാഗതവും ജനറൽ കൺവീനർ അനിൽ വയ്യാങ്കര നന്ദിയും പറഞ്ഞു.