students

കുണ്ടറ: വർണത്തുമ്പികളായി ഉയരങ്ങളിലെത്തുക എന്ന സന്ദേശവുമായി പഴങ്ങാലം ആർ.ശങ്കർ മെമ്മോറിയൽ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഹ്രസ്വചിത്രം ‘ഇനിയും പറന്നുയരുന്ന വർണത്തുമ്പികൾ’ക്ക് ജില്ലയിൽ മൂന്നാംസ്ഥാനം. ജില്ലാ റിസോഴ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ജില്ലയിലെ സർക്കാർ, എയ്ഡഡ് മേഖലകളിലെ സെക്കൻഡറി തലത്തിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഹ്രസ്വചിത്രമത്സരത്തിലാണ് അഭിമാന നേട്ടം. മൂവായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.

ഒമ്പതാം ക്ലാസിലെ ജെസ്‌ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചത് വിദ്യാർത്ഥികളാണ്. ഇംഗ്ലീഷ്, സംസ്കൃത ക്ലബുകളുടെ ആഭിമുഖ്യത്തിൽ നിർമ്മിച്ച ചിത്രത്തിന് സാങ്കേതിക സഹായം നൽകിയത് സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബാണ്.

അദ്ധ്യാപകരായ അതുൽ മുരളി, ബിനേഷ് യു.വ്രതൻ എന്നിവർ നേതൃത്വം നൽകി. സ്കൂൾ മാനേജർ ഡോ.വിനോദ് ലാൽ, ഹെഡ്മാസ്റ്റർ ജി.എസ്‌.സുനിൽ എന്നിവർ സംഘത്തെ അനുമോദിച്ചു.