bjp
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി കൗൺസിലർമാർ കൊല്ലം കോർപ്പറേഷൻ ഓഫീസിനു മുന്നിൽപ്രതിഷേധിച്ചപ്പോൾ

കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി കൗൺസിലർമാർ കൊല്ലം കോർപ്പറേഷൻ ഓഫീസിൽ പ്രതിഷേധിച്ചു. കോർപ്പറേഷൻ ഓഫീസിന്റെ ഭിത്തിയിൽ പോസ്റ്റർ പതിക്കാനുള്ള ബി.ജെ.പി കൗൺസിലർമാരുടെ ശ്രമം സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്. ജയൻ തടയാൻ ശ്രമിച്ചത് ചെറിയതോതിൽ സംഘർഷത്തിന് ഇടയാക്കി. ഇന്നലെ രാവിലെ 11.30 ഓടെയാണ് സമരം ആരംഭിച്ചത്. ഡെപ്യുട്ടി മേയർ ഇടപെട്ട് നടത്തിയ ചർച്ചയിൽ സമരത്തിന് ആധാരമായ വിഷയങ്ങൾക്ക് ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരം കാണുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെ സമരം അവസാനിച്ചു.

ലൈഫ് പട്ടികയിൽ സ്വജനപക്ഷപാതം, അനർഹരെ തിരുകി കയറ്റുന്നു, തെരുവ് നായ പ്രശ്നത്തിന് പരിഹാരം കാണുന്നില്ല, തകർന്ന റോഡുകൾ നന്നാക്കാൻ നടപടി സ്വീകരിക്കുന്നില്ല തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ടി.ജി. ഗിരീഷ്, കൗൺസിലർമാരായ, അനീഷ്കുമാർ, അഭിലാഷ് ഷൈലജ, കൃപ വിനോദ് എന്നിവർ നേതൃത്വം നൽകി.

അഭിവാദ്യവുമായി ബി.ജെ.പി, യുവമോർച്ച പ്രവർത്തകരുമെത്തിയിരുന്നു. ജനകീയ പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാരം കണ്ടില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ പറഞ്ഞു.